ന്യൂഡൽഹി: കൊറോണ വെെറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ഇ- സഞ്ജീവനി ടെലി മെഡിസിൻ സേവനം വൻ വിജയമാകുന്നു. ഇ-സഞ്ജീവനി വഴി നടത്തിയ ടെലി കൺസൾട്ടിംഗുകളുടെ എണ്ണം 3 ലക്ഷം പിന്നിട്ടതായി മന്ത്രാലയം വ്യക്തമാക്കി.
ഏപ്രിൽ 13 നാണ് ഇ-സഞ്ജീവനി ഒപിഡി എന്ന പേരിൽ ടെലി കൺസൾട്ടിംഗ് സംവിധാനത്തിന് ആരോഗ്യമന്ത്രാലയം തുടക്കമിട്ടത്. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പെടെ ഉറപ്പുവരുത്തി ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഡോക്ടർമാർ തമ്മിലും രോഗികളും ഡോക്ടർമാരുമായും ടെലി കൺസൾട്ടിംഗ് സാധ്യമാക്കുന്ന രണ്ട് സേവനങ്ങളാണ് ഇ- സഞ്ജീവനി നൽകുന്നത്.
ജൂലൈ 23 ന് ഒരു ലക്ഷം പൂർത്തിയാക്കിയ ഇ-സഞ്ജീവനി കൺസൾട്ടിംഗുകൾ ഓഗസ്റ്റ് 18 ഓടെ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 1.5 ലക്ഷം പേരാണ് ഇ- സഞ്ജീവനിയുടെ സേവനം രാജ്യത്ത് പ്രയോജനപ്പെടുത്തിയത്. ഇതിൽ ഒരു ലക്ഷം കൺസൾട്ടിംഗ് കഴിഞ്ഞ 20 ദിവസങ്ങൾക്കുള്ളിലാണ് പൂർത്തിയാക്കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
തമിഴ്നാടാണ് ഇ- സഞ്ജീവനിയുടെ സേവനം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത്. 97, 204 കൺസൾട്ടേഷനുകളാണ് തമിഴ്നാട്ടിൽ നടന്നത്. ഉത്തർപ്രദേശിൽ 65,173 ഉം കേരളത്തിൽ 28,173 ടെലി കൺസൾട്ടിംഗുകളും നടന്നു. ഇ എൻ ടി, നേത്രരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം തുടങ്ങിയവയ്ക്കായി പ്രത്യേക ഒപി സംവിധാനവും ഇ- സഞ്ജീവനിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
23 സംസ്ഥാനങ്ങളിൽ ഇ-സഞ്ജീവനി ഇപ്പോൾ സജീവമാണ്. രാജ്യത്തെ 1.5 ലക്ഷത്തോളം വരുന്ന ഹെൽത്ത്, വെൽനസ് സെന്ററുകളിൽ ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് 2019 നവംബറിൽ ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ പദ്ധതി ആരോഗ്യമന്ത്രാലയം ആവിഷ്കരിച്ചിരുന്നു. ഇതിലേക്കുള്ള നിർണായക ചുവടുവെയ്പായിരുന്നു ഇ-സഞ്ജീവനി പദ്ധതി.















