കാബേജ് തോരനായും കറിയാക്കിയുമാണ് സാധാരണ നമ്മള് കഴിക്കാറുളളത്. എന്നാല്‍ കുട്ടികള്‍ക്ക് ഈ കാബേജ് വിഭവങ്ങളോട് അത്ര താല്പര്യം കാണില്ല. എന്നാല്‍ കാബേജ് കൊണ്ടൊരു പക്കോട ഉണ്ടാക്കി നോക്കൂ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കഴിക്കുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണിത്. വീട്ടിലുളള കുറച്ചു സാധനങ്ങള്‍ ഉപയോഗിച്ചു എളുപ്പം ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കാബേജ് പക്കോട. ഇത് ഉണ്ടാക്കുന്നതിനായി ഒരു കഷ്ണം കാബേജ് നന്നായി ചെറുതായി അരിഞ്ഞെടുക്കുക.
അതിലേയ്ക്ക് വലിയ ഉള്ളി, ഒരു കഷ്ണം ഇഞ്ചി, എട്ട് അല്ലി വെളുത്തുള്ളി, രണ്ട് പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും, മല്ലിയില, കറിവേപ്പില, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം ഇതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, കാല് ടീസ്പൂണ്‍ ഗരം മസാലപ്പൊടി, ഒരു നുളള് കായപ്പൊടി എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. അതിലേയ്ക്ക് ഒരു ടീസ് സ്പൂണ്‍ സണ്‍ഫ്ലവര്‍ ഓയില്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. മസാല നന്നായി പിടിക്കാന്‍ പതിനഞ്ച് മിനിറ്റ് നേരം ഈ മിശ്രിതം മാറ്റിവയ്ക്കുക.
അതിനു ശേഷം ഒരു കപ്പ് കടലപ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും ചേര്‍ത്ത് വീണ്ടും കൈകൊണ്ട് നന്നായി കുഴച്ച് എടുക്കുക. പാനില്‍ എണ്ണയൊഴിച്ച് നന്നായി ചൂടായതിനു ശേഷം. മാവ് എടുത്ത് ഇത്തിരിയായി കൈയ്യില്‍ വച്ച് പരത്തി ചൂടുള്ള വെളിച്ചെണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഇതിനു പ്രത്യേകം ആകൃതിയില്ല അതുകൊണ്ട് ഏത് ആകൃതിയിലും ഇത് എണ്ണയിലിട്ട് വറുത്തു കോരാം. എളുപ്പം തയ്യാറാക്കുന്ന ഈ കാബേജ് പക്കോട വളരെ സ്വാദിഷ്ടമായ ഒരു പലഹാരമാണ്.
Comments