സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ ബാറ്ററി സംബന്ധമായ പ്രശ്നനങ്ങളാണ്. തക്ക സമയത്ത് ചാർജ് തീർന്നു പോകുക, ചാർജ് കയറുവാൻ ഒരുപാട് സമയം എടുക്കുക, ചാർജിങ് സ്പീഡ് സംബന്ധമായ പ്രശ്നങ്ങൾ, ഇങ്ങനെ നീളുന്നു പ്രതിസന്ധികൾ. എന്നാൽ ‘പവര്‍ ബാങ്കുകള്‍’ എത്തിയതോടെ ഇവയിൽ ഭൂരിഭാഗം പ്രശ്ങ്ങൾക്കും താത്കാലിക ആശ്വാസമായി. എന്നാൽ വീട്ടിലിരുന്നു ജോലി എന്ന ആശയം പ്രാവര്‍ത്തികമായതോടെ, കറന്റ് ഇല്ലാതെ വന്നാലും ഫോണുകളുടെയും ടാബുകളുടെയും ചാര്‍ജ് തീരാതിരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ പലരും പവര്‍ബാങ്കുകൾ വാങ്ങിവയ്‌ക്കുന്നുണ്ട്.
വിപണിയില്‍ നൂറു കണക്കിന് പവര്‍ ബാങ്കുകൾ ഉള്ളത് കൊണ്ട് തന്നെ ഇപ്പോള്‍ ഉയരുന്ന ഒരു ചോദ്യം ഇവ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററിക്കു ദോഷമാകുമോ എന്നാണ്. അതിനു സാധ്യതയുണ്ട് എന്നാണ് വിദഗ്ധർ നൽകുന്ന ഉത്തരം. അതായത്, നിങ്ങളുടെ മൊബൈല്‍ ഫോണിന് ഉചിതമായ വോള്‍ട്ടേജല്ല പവര്‍ബാങ്കില്‍ നിന്നു ലഭിക്കുന്നതെങ്കില്‍ ഫോണിന്റെ ബാറ്ററി ലൈഫിനെ ബാധിക്കാമെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട്, പവര്‍ബാങ്കുകള്‍ വാങ്ങുമ്പോള്‍ നല്ല കമ്പനികളുടെ പവര്‍ബാങ്കുകള്‍ വാങ്ങുന്നതായിരിക്കും ഉചിതം.
പവര്‍ബാങ്കുകളെ കുറിച്ച് ഏതാനും സംശയങ്ങള്‍ കൂടെ പരിശോധിക്കാം…
പവര്‍ബാങ്ക് വാങ്ങുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് ?
പവര്‍ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അതിപ്രധാനമായ കാര്യമാണ് അതിന്റെ ശേഷി എന്നത്. മില്ലിആംപ് (എം.എ.എച്ച്) എന്ന അളവുകോലാണ് പവര്‍ബാങ്കിന്റെ ശേഷി അളക്കാനായി ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന ഫോണിന്‍റെ ചാര്‍ജിംഗ് ശേഷിയേക്കാള്‍ കൂടുതല്‍ എം.എ.എച്ചുള്ള പവര്‍ബാങ്ക് വാങ്ങുന്നതാണ് നല്ലത്. അതുപോലെ തന്നെ പവര്‍ബാങ്കിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജ് ഫോണിന്‍റെ ഇന്‍പുട്ട് വോള്‍ട്ടേജുമായി കൃത്യമായ താരതമ്യം നടത്തണം.
ചാര്‍ജ് തീർന്ന പവര്‍ബാങ്ക് കുത്തിയിട്ടു മറന്നു പോയാല്‍ ഓവര്‍ചാര്‍ജ് ആവില്ലേ ?
ഇന്നത്തെ മികച്ച പവര്‍ബാങ്കുകള്‍ക്ക് ഓവര്‍ചാര്‍ജിങ്ങിനെതിരെ വേണ്ട സുരക്ഷാമാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പലരും പവര്‍ബാങ്കുകള്‍ വാങ്ങി സൂക്ഷിക്കുന്നു എന്നല്ലാതെ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. അങ്ങനെ ഉപയോഗിക്കാതെ സ്‌റ്റോർ ചെയ്യുകയാണെങ്കില്‍ മൂന്നു മാസത്തിലൊരിക്കലെങ്കിലും ഒന്നു ചാര്‍ജു ചെയ്തു വയ്‌ക്കുന്നതു നല്ലതായിരിക്കുമെന്നു പറയുന്നു.
ഇനി പറയുന്ന കാര്യത്തിന് വ്യക്തമായ തെളിവില്ലാത്ത കാര്യമാണ്- ചില പഠനങ്ങള്‍ പറയുന്നത് പവര്‍ബാങ്കുകള്‍ പരമാവധി 80 ശതമാനം വരെ ചാര്‍ജു ചെയ്യുന്നതാണ് നല്ലതെന്നാണ്. അതുപോലെ തന്നെ, 20 ശതമാനം ചാര്‍ജ് എത്തുമ്പോള്‍ വീണ്ടും ചാര്‍ജു ചെയ്യുന്നതും നല്ലാതയിരിക്കുമെന്നാണ് അവകാശവാദം. ഇന്നത്തെ പല പവര്‍ബാങ്കുകളും അതിന്റെ ബാറ്ററി ശതമാനം വ്യക്തമായി കാണിക്കുന്നു.
പവര്‍ബാങ്കില്‍ കുത്തി ചാര്‍ജു ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതു നല്ലതാണോ ?
ചാര്‍ജിങ് സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതു നല്ലതല്ല. ഫോണിനുള്ളിലെ ഊഷ്മാവ് ക്രമാധികമായി വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശം.
Comments