പ്ലാവില തോരനോ..?, കേൾക്കുമ്പോൾ പലർക്കും അതിശയമായി തോന്നിയേക്കാം. ഇത്തരത്തിലൊരു വിഭവത്തെ പറ്റി അധികമാർക്കും പരിചയം കാണില്ല. സ്വാദ് കൊണ്ട് വളരെ മികച്ചതായ ‘പ്ലാവില തോരന്‍’ പ്രമേഹം, നെഞ്ച് രോഗം, ആന്തരീക ക്ഷതങ്ങള്‍ എന്നിവക്ക് ഉത്തമമാണ്. പ്ലാവില തളിര് തനിയും ചെറുപയര്‍ പുഴുങ്ങി സമം ചേര്‍ത്തും പ്ലാവില തോരന്‍ ഉണ്ടാക്കാനാകും. കണ്ണൂരില്‍ നടക്കുന്ന പല പൊതുപരിപാടിയിലും പ്ലാവില തോരന്‍ സ്വാദേറുന്ന വിഭവമായി നൽകുന്നു.
മുൻകാലങ്ങളിൽ സ്ത്രീകള്‍ വീടുകളില്‍ പ്രസവിച്ചാല്‍ മലയ സ്ത്രീകളെ വയറ്റാട്ടിമാരായി വിളിച്ചാല്‍ അവര്‍ ആദ്യം ചെയ്യുക പ്ലാവിലയുടെ മുകുളം നല്ലെണ്ണയില്‍ വാട്ടി പ്രസവിച്ച ഉടന്‍ സ്ത്രീകള്‍ക്ക് കൊടുക്കാറുണ്ട്. പ്രസവ സമയുത്തുണ്ടായ എല്ലാ ക്ഷതങ്ങളും അതിവേഗം കരിഞ്ഞു പോവാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ പലതരം ഉപയോഗങ്ങൾ അടങ്ങിയ പ്ലാവില ആളൊരു സൂപ്പർ സ്റ്റാറാണ്.
സ്വാദിഷ്ട്ടമായ ‘പ്ലാവില തോരന്‍’ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ…
ചേരുവകള്‍
- പ്ലാവില (പ്ലാവിന്റെ തുമ്പില മുതല്‍ അതികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം) ഇലയുടെ ഞെട്ട് കളഞ്ഞ് വളരെ ചെറുതായി അരിഞ്ഞത് – 2 കപ്പ്
- തേങ്ങ – അര കപ്പ്
- ചുവന്നുള്ളി – 3 എണ്ണം
- പച്ചമുളക് -2 എണ്ണം
- കടുക് – അര ടീസ്പൂണ്‍
- വെളിച്ചെണ്ണ – 2 വലിയ സ്പൂണ്‍
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റിയെടുക്കുക. തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേര്‍ത്ത് മിക്സിയില്‍ ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകരുത്.
ഇനി ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാല്‍ കടുകിട്ടു പൊട്ടിച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേര്‍ത്ത് കുറച്ചു നേരം ഇളക്കിയ ശേഷം അരച്ചു വെച്ച തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇടയ്‌ക്കിടെ കൈകൊണ്ട് അല്പം വെള്ളം തളിച്ച് കൊടുക്കുക. ഇല നന്നായി വെന്ത ശേഷം ഇറക്കാം.
അസിഡിറ്റി മൂലം വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും വയറിലെ പുണ്ണിനും വായ് പുണ്ണിനും ഏറ്റവും നല്ല മരുന്നാണ് പ്ലാവില. തോരന്‍ വയ്‌ക്കാന്‍ വേണ്ടി ഇല വളരെ നേര്‍മയായി കനം കുറച്ച് അരിയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇല വെന്തു കിട്ടാന്‍ ഒരുപാട് സമയം ആവശ്യം വരും. അതുകൊണ്ടാണ് തോരന്‍ വയ്‌ക്കുമ്പോൾ ഇല വളരെ നേര്‍മയായി അരിയുന്നതും അരിഞ്ഞ ശേഷം ആവി കയറ്റിയെടുക്കുന്നതും . ചെറുപയര്‍ ചേര്‍ത്തും ഇത് തോരനാക്കാം.
Comments