നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം സൂര്യ നടത്തിയ പ്രസ്താവന വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയാണ്. ഞായറാഴ്‌ച്ച നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി താരം രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ കോടതിയെ ശക്തമായ ഭാഷയില്‍ സൂര്യ വിമര്‍ശിച്ചത്.
ഇത്തരം പരീക്ഷകളെ മനുനീതി പരീക്ഷകളെന്നാണ് വിളിക്കേണ്ടതെന്നും അത് ബഹിഷ്‌കരിക്കേണ്ടവയാണെന്നും ഈ കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷയെഴുതി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കാന്‍ നിര്‍ബന്ധിതരായത് വേദനാജനകമാണെന്നുമാണ് സൂര്യ കുറിച്ചത്.
കൊറോണ പശ്ചാത്തലത്തില്‍ ജീവനില്‍ ഭയമുള്ളതിനാല്‍ ജഡ്ജികള്‍ നീതി നടപ്പാക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണെന്നും പിന്നെങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ നിര്‍ഭയരായി പരീക്ഷയില്‍ പങ്കെടുക്കണമെന്ന് വിധിക്കാന്‍ ആവുകയെന്നും താരം ചോദിക്കുന്നു. സൂര്യയുടെ ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സൂര്യയുടെ വാക്കുകള്‍ കോടതിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ്യയെ ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
എന്നാല്‍ ആരാധകരും തമിഴ് ജനതയും വന്‍ പിന്തുണയാണ് സൂര്യയ്‌ക്ക് നല്‍കുന്നത്. #TNStandWithSurya എന്ന ഹാഷ്ടാഗുമായാണ് ആരാധകര്‍ സൂര്യയ്‌ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഈ ഹാഷ്ടാഗിപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിൽ ട്രെന്‍ഡിംഗായിരിക്കുകയാണ്.
My heart goes out to the three families..! Can’t imagine their pain..!! pic.twitter.com/weLEuMwdWL
— Suriya Sivakumar (@Suriya_offl) September 13, 2020
















Comments