വിനീത് ശ്രീനിവാസൻ സംഗീത സംവിധാനം ചെയ്ത് ഭാര്യ ദിവ്യ ആലപിച്ച ഗാനം പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ തന്നെ എഴുതി സംഗീതം നൽകിയ ഈ ഗാനത്തിന് ‘ഉയർന്ന് പറന്ന്’ എന്നാണ് പേരിട്ടിരിക്കുന്നത്.ദിവ്യയ്ക്കായി എഴുതിയ ഈ വരികളിലൂടെ ആദ്യമായാണ് വിനീത് സംഗീത സംവിധാനം ചെയ്യുന്നത്. ദിവ്യയും ആദ്യമായാണ് ഒരു ഗാനം ആലപിക്കുന്നത്. ദിവ്യക്കൊപ്പം പതിനാറ് വർഷമായി ജീവിക്കുന്നുവെങ്കിലും ഇങ്ങനെയൊരു ആശയം ആദ്യമായിട്ടാണ് തോന്നുന്നതെന്ന് വിനീത് പറഞ്ഞിരുന്നു. ഒപ്പം ദിവ്യ പാട്ടു പാടുന്നതിന്റെ വിഡിയോയും ഈ അടുത്തകാലത്ത് വിനീത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
നടനായും,സംവിധായകനായും, നിർമ്മാതാവായും, പിന്നണി ഗായകനായും മലയാള സിനിമയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസൻ. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും സംഗീത സംവിധാന രംഗത്ത് വിനീത് ഉണ്ടായിരുന്നില്ല. എന്നാൽ ‘ഉയർന്ന് പറന്ന്’ എന്ന ഗാനത്തോട് കൂടി സംഗീത സംവിധാനവും തനിക്ക് വണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഭാര്യ തന്നെ തന്റെ ഈണത്തിന് ശബ്ദം നൽകിയത് പ്രേക്ഷകരിൽ കൗതുകം ഉണർത്തുകയാണ്. “ഇത് സിംഗിൾ ആണ്. ഒരു ഗായിക എന്ന നിലയിലേക്കുള്ള ദിവ്യയുടെ കാൽവയ്പ്പാണിത്. സംഗീത സംവിധായകൻ എന്ന നിലയിൽ എന്റെയും” എന്നാണ് വിനീത് ശ്രീനിവാസൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ മേഖലകളിൽ തന്റെ മികവ് കാണിച്ച വ്യക്തിയാണ് വിനീത്. ഭർത്താവ് സംഗീതം നൽകിയ വരികൾക്ക് ഭാര്യ ആലപിച്ച ഗാനം അപൂർവമായൊരു കാഴ്ചയാണ്. ദിവ്യ തന്റെ സംഗീതത്തിൽ ആദ്യമായി പാടിയ ഗാനം ഏറെ അഭിമാനത്തോടെയാണ് വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു പിന്നാലെ ഒരുപാട് ആരാധകരാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
Comments