പോഷകഗുണവും അതുപോലെ തന്നെ ഔഷധ ഗുണങ്ങളും നിറഞ്ഞ രണ്ടു ഇനങ്ങളാണ് ഈന്തപ്പഴവും ഇഞ്ചിയും . നാരുകൾ , ആന്റി ഓക്സിഡന്റ്സ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദിനവും ഭക്ഷണത്തിൽ ഉൾപെടുത്താൻ ആരോഗ്യവിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന ഒരു ഭക്ഷണവസ്തു കൂടിയാണ് ഈന്തപ്പഴം .
അതുപോലെ തന്നെ ഇഞ്ചിയും ഏറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് . ഇഞ്ചിക്ക് ശരീര വീക്കം തടയാനുള്ള ഔഷധഗുണവും , അതുപോലെ തന്നെ ധാരാളം ആന്റിയോട്ടിക്സിഡന്റ്സും അടങ്ങിയിരിക്കുന്നതിനാൽ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ഉത്തമ ഔഷധം കൂടിയാണ് .
ഇത്രയധികം പോഷകഗുണങ്ങൾ ഉള്ള ഇഞ്ചിയും ഈന്തപ്പഴവും കൊണ്ട് കുറച്ചു എരിവും മധുരവുമുള്ള രുചികരമായ കേക്ക് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം .
കേക്ക് ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ : 125 ഗ്രാം ബട്ടർ നന്നായി അരിഞ്ഞത് , ഒരു കപ്പു കുരു കളഞ്ഞു ചെറുതായി അരിഞ്ഞ ഈന്തപ്പഴം , മുക്കാൽ കപ്പ് പഞ്ചസാര , മുക്കാൽ കപ്പ് തൊലി കളഞ്ഞു നന്നായി അരിഞ്ഞ ഇഞ്ചി , ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ , നന്നായി അടിച്ചെടുത്ത ഒരു മുട്ട , ഒന്നര കപ്പ് ധാന്യമാവ് എന്നിവയാണ് .
കേക്ക് ഉണ്ടാക്കുന്ന വിധം : 180 ° C ൽ ഓവൻ പ്രീഹീറ്റ് ചെയ്യുക . എന്നിട്ടു കേക്ക് ഉണ്ടാക്കുന്ന പാനിൽ നന്നായി എണ്ണ തേച്ചു പിടിപ്പിക്കുക . എന്നിട്ടു ഒരു പാനെടുത്തു അതിൽ ബട്ടറും , ഈന്തപ്പഴവും , ഇഞ്ചിയും , ഒരു കപ്പ് വെള്ളവും സ്വല്പം ഉപ്പും ചേർത്ത് ചെറു തീയിൽ വേവിക്കുക . വെള്ളം തിളച്ചു വെന്തു വരുമ്പോൾ അടുപ്പിൽ നിന്നിറക്കി വെക്കുക . ഈ മിശ്രിതത്തിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക . പതിനഞ്ച് മിനിറ്റിന് ശേഷം നന്നായി അടിച്ചു വെച്ചിരിക്കുന്ന മുട്ട ഈ മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക . ഇതിലേക്ക് അല്പാല്പം ധന്യമാവ് ചേർത്ത് ഇളക്കുക . എല്ലാം ചേരുവകളും നന്നായി ചേർന്ന് കഴിയുമ്പോൾ കേക്ക് പാനിലേക്ക് മിശ്രിതം ഒഴിച്ചതിന് ശേഷം 45 മിനിറ്റ് ഓവനിൽ വെച്ച് ബേക്ക് ചെയ്യുക . മിശ്രിതം നന്നായി പൊങ്ങി വന്നതിന് ശേഷം പത്തു മിനിറ്റ് തണുക്കാനായി മാറ്റി വെക്കുക . തണുത്തതിന് ശേഷം പാനിൽ നിന്ന് കേക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം .
ഈന്തപ്പഴം ഇഞ്ചിയും ചേർന്ന രുചികരമായ കേക്ക് തയ്യാർ .
Comments