ഭൂമി കാക്കും പന്നിയൂര്‍ വരാഹമൂര്‍ത്തി

Published by
Janam Web Desk

മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ വിളി കേള്‍ക്കുന്ന മൂര്‍ത്തിയാണ് പന്നിയൂര്‍ വരാഹമൂര്‍ത്തി. പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് പന്നിയൂര്‍ വരാഹ മൂര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വസം. വരാഹമൂര്‍ത്തിയെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ഭൂമി സംബന്ധമായ എല്ലാ തര്‍ക്കങ്ങളും ദോഷങ്ങളും തീരുന്നു എന്നാണ് പറയപ്പെടുന്നത്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ഒന്നാണ് വരാഹം. ഹിരണ്യന്‍ എന്ന അസുരന്‍ ഭൂമിയെ കടലില്‍ താഴ്‌ത്തിയപ്പോള്‍ മഹാവിഷ്ണു വരാഹമായി അവതരിച്ചു. ഹിരണ്യന്‍ എന്ന അസുരനെ നിഗ്രഹിച്ച് ഭൂമിയെ ഉയര്‍ത്തി കൊണ്ടു വന്നു എന്നുമാണ് വിശ്വാസം.

അതുകൊണ്ടു തന്നെ ഈ വരാഹമൂര്‍ത്തിയെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ഭൂമി സംബന്ധമായ തര്‍ക്കങ്ങളും ദോഷങ്ങളും തീരുമെന്നാണ് വിശ്വാസം. കൂടാതെ നിലവില്‍ ഭൂമി സംബന്ധമായ തര്‍ക്കങ്ങളും വാദങ്ങളും ഉളളവര്‍ അതിന്റെ പരിഹാരത്തിനായും ഭൂമി ക്രയവിക്രയങ്ങള്‍ക്കുളള തടസം മാറി കാട്ടാനും ഇവിടെ വന്നു പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നു പറയാറുണ്ട്. മഹാക്ഷേത്രമായി കണക്കാക്കുന്ന പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിനു ചുറ്റുമായി അയ്യപ്പക്ഷേത്രം, ശിവക്ഷേത്രം, ദുര്‍ഗ്ഗാക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളും ഗണപതി, സുബ്രഹ്മണ്യന്‍, ലക്ഷ്മി നാരായണന്‍ എന്നീ ഉപ പ്രതിഷ്ഠകളും ഉണ്ട്.

കൂടാതെ യക്ഷിയുടെയും ചിത്രഗുപ്തന്റെയും സാന്നിധ്യവും ഈ ക്ഷേത്രത്തിലെ  ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ്. ക്ഷേത്രത്തിന്റെ തൊട്ട് വടക്കു ഭാഗത്തായി ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന പന്നിയൂര്‍ തുറയും കാണാം. അഭിഷ്ടസിദ്ധി പൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഇതിനു പുറമേ കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കുന്നതിനുള്ള ഐശ്വര്യ പൂജയും വിവാഹം പെട്ടെന്ന് നടക്കുന്നതിനായുളള ലക്ഷ്മി നാരായണ പൂജയും നടത്താറുണ്ട്. രാവിലെ 5. 30 മുതല്‍ 10 മണി വരെയും വൈകുന്നേരം 5 മുതല്‍ 8 മണി വരെയുമാണ് ക്ഷേത്രത്തിലെ പൂജാ സമയം.

Share
Leave a Comment