ന്യൂഡല്‍ഹി: ലഡാക്കില്‍ തണുപ്പുകാലത്ത് ഫോര്‍വേഡ് പോസ്റ്റുകളില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഹെലികോപ്റ്ററുകള്‍ പൂര്‍ണ്ണസജ്ജമായി. ഉയര്‍ന്ന പ്രദേശങ്ങളിലെ അതികഠിനമായ തണുപ്പിനേയും അതിജീവിക്കുന്ന രണ്ട് ചോപ്പറുകളും ഇക്കൂട്ടത്തിലുണ്ട്. സിയാച്ചിന്‍ ഗ്ലേഷിയറുകളില്‍ ഉള്‍പ്പെടെ അവശ്യം സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കഴിവ് തെളിയിച്ച അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ സൈന്യവും വ്യോമസേനയും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍.
താപനില കുറയുമ്പോള്‍ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ പ്രകടനം മെച്ചപ്പെടുത്തുമെന്നതിനാല്‍ ഈ സമയത്തെ ചോപ്പറുകളുടെ ഉപയോഗം കൂടുതല്‍ എളുപ്പമാകും. അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ക്ക് പുറമെ ലഡാക്ക് മേഖലയിലെ സൈന്യത്തിനായി രണ്ട് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകളും വിതരണം ചെയ്തിട്ടുണ്ട്. ഭാരം കൂടിയ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകളെ വ്യോമസേന ലഡാക്കില്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും, സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തനം കണക്കിലെടുത്താണ് എച്ച്.എ.എല്‍ ഇവ രൂപകല്‍പ്പന ചെയ്തത്. റഡാറുകളുടെ കണ്ണില്‍ പെടാതെ പറക്കാന്‍ ഇവയ്‌ക്കാകും. മിസൈലുകളും, റോക്കറ്റുകളും വഹിക്കാന്‍ കഴിയുന്ന പോഡുകളും ഇവയില്‍ ഘടിപ്പിച്ചിട്ടുണ്ട്.
തണുപ്പുകാലം അടുക്കും തോറും അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗമുള്ള സഞ്ചാരം അസാദ്ധ്യമാകും. ഈ സമയത്ത് കിഴക്കന്‍ ലഡാക്കിലെ ഫ്രണ്ട് ലൈന്‍ പോസ്റ്റുകളില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ പ്രധാനമായും ആശ്രയിക്കുന്നത് ചോപ്പറുകളെയാണ്. ആളുകളെ കയറ്റുന്നതിന് പുറമെ, എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്ന സമയങ്ങളിലും ഇവയുടെ സ്ഥാനം വളരെ നിര്‍ണ്ണായകമാണ്.
വരുന്ന തണുപ്പുകാലത്തേക്ക് സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിന് ഈ ചോപ്പറുകള്‍ ഏറെ സഹായിക്കുമെന്ന് എച്ച്.എ.എല്‍ ചെയര്‍മാന്‍ ആര്‍.മാധവന്‍ പറഞ്ഞു. പ്രദേശത്ത് അവശ്യസഹായങ്ങള്‍ എത്തിക്കാന്‍ തണുപ്പുകാലത്ത് മറ്റ് മാര്‍ഗ്ഗങ്ങള്‍ അപ്രായോഗികമാണ്. കഠിനമായ കണുപ്പായിരിക്കും ആ സമയത്ത് ഉണ്ടാവുക. ഈ സമയം എന്ത് സഹായത്തിനും ചോപ്പറുകള്‍ ഉപകരിക്കുമെന്നും, 20ഓളം അധികം ചോപ്പറുകള്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.















