ഹൂസ്റ്റൺ: കൊറോണ വൈറസിൽ പുതിയ തരത്തിലുള്ള ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. കൂടുതൽ വ്യാപകമായി പടർന്നു പിടിക്കാൻ ശേഷിയുള്ളതായി മാറുന്ന തരത്തിലുള്ള ജനിതക മാറ്റമാണ് നോവൽ കൊറോണ വൈറസിലുണ്ടാകുന്നതെന്നാണ് പുതിയ പഠനത്തിൽ വ്യക്തമാകുന്നത്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അയ്യായിരത്തിലധികം ജനിതക മാതൃകകൾ ഉപയോഗിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.
ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമാകുന്നതായി പഠനത്തിൽ പറയുന്നില്ല. എന്നാൽ ഇതിന്റെ വ്യാപന ശേഷി വർധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപന തോത് വർധിച്ചാൽ രോഗത്തെ തടയാനുള്ള ശ്രമങ്ങൾക്ക് അത് വലിയ തിരിച്ചടിയാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വാക്‌സിൻ വികസിപ്പിക്കാനുള്ള ഗവേഷണത്തിന് പഠനം ഗുണകരമാകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.
അതേസമയം പ്രാഥമിക പഠനമാണ് നടന്നിരിക്കുന്നതെന്നും കൂടുതൽ വിലയിരുത്തലുകൾക്കും പരീക്ഷണങ്ങൾക്കും ഈ കണ്ടെത്തൽ വിധേയമാകേണ്ടതുണ്ടെന്നും പഠനത്തെ വിലയിരുത്തിയ ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെൻസ് വ്യക്തമാക്കി.















