രാത്രി മുഴുവൻ നന്നായി ഉറങ്ങാൻ കഴിഞ്ഞാൽ , പിറ്റേദിവസം ലഭിക്കുന്ന ഊർജ്ജം ദിനം മുഴുവൻ നീണ്ടു നിൽക്കുന്നതായിരിക്കും . അതിനാൽ തന്നെ നല്ല ഉറക്കം ഒരു വ്യക്തിക്ക് വളരെയധികം അത്യാവശ്യമുള്ള കാര്യമാണ് . നല്ല ഉറക്കം ലഭിക്കാനായി ചെയ്യേണ്ടുന്ന വളരെ ചെറിയ കാര്യങ്ങൾ ഇവയൊക്കെയാണ്
അത്താഴത്തിന് ശേഷം ഒരു ഗ്ലാസ് കാപ്പി കുടിക്കുന്നത് ചില വ്യക്തികളുടെ ശീലമാണ് . എന്നാൽ അത് ദോഷഫലമാണ് ഉണ്ടാക്കുക . കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കം വരുന്നത് തടയും എന്നുള്ളതാണ് വസ്തുത . അതിനാൽ രാത്രിയിൽ സുഖ നിദ്ര ലഭിക്കുന്നതിനായി കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക .
ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാൽ അത് ഉറക്കകുറവിന് കാരണമാകുന്നു . അതിനാൽ തന്നെ മഗ്നീഷ്യം ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ അതായത് പഴം , ഇലക്കറികൾ എന്നിവ അത്താഴത്തിൽ ഉൾപെടുത്തുക .
ഉറങ്ങാൻ കിടക്കുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ ഉപയോഗം നിർത്തുകയും മാറ്റി വെക്കാൻ ശീലിക്കുകയും ചെയ്യുക . കാരണം ജോലിഭാരങ്ങൾ എല്ലാം മാറ്റി വെച്ച് മനസ്സ് ശാന്തമാക്കേണ്ട സമയത്ത് ഫോൺ ഉപയോഗിക്കുമ്പോൾ മാനസികമായി ധാരാളം ചിന്തകൾ ഉടലെടുക്കാൻ സാധ്യത ഉണ്ടാവുകയും മനസ്സിന് സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും . അതിനാൽ തന്നെ ഇത് ഉറക്കത്തെ ബാധിക്കും .ആദ്യമൊക്കെ മൊബൈൽ ഫോൺ മാറ്റി വെക്കുക എന്നത് ബുദ്ധിമുട്ട് തോന്നിപ്പിക്കുമെങ്കിലും ഇതൊരു ശീലമാക്കിയാൽ ഉറക്കത്തെ ബാധിക്കാതിരിക്കാൻ സഹായിക്കും .
ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഫേസ്ബുക്കും വട്സാപ്പും ഒക്കെ നോക്കുന്നതിന് പകരം ശാന്തമായ സംഗീതം ആസ്വദിക്കുകയാണെങ്കിൽ നല്ല ഉറക്കം ലഭിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് . അതിനാൽ തന്നെ നിങ്ങൾക്ക് ഇഷ്ടപെട്ട ഗാനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഉറങ്ങാൻ പോകുന്നതിന് മുൻപ് കേൾക്കുകയാണെങ്കിൽ മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും .
കിടക്കുന്ന സ്ഥലം വൃത്തിയാക്കി വെക്കുവാൻ ശ്രദ്ധിക്കുക . വൃത്തിയുള്ള കിടക്കയും , കിടക്കവിരിയും , തലയിണകളും നല്ല ഉറക്കം ലഭിക്കാൻ അനിവാര്യമായ കാര്യമാണ് . വൃത്തിയായി വിരിച്ചിട്ടിരിക്കുന്ന കിടക്ക കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷവും സ്വസ്ഥമായി കിടക്കാനുള്ള പ്രേരണയും നൽകും . ഇതുമൂലം നല്ല ഉറക്കം ലഭിക്കുകയും ചെയ്യും .















