സിംല: ലോകത്തിലെ ഏറ്റവും നീളമേറിയ അടൽ തുരങ്കം രാജ്യത്തിന് സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുരങ്കത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യ സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി എംഎം നരവാനെ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ലഡാക്കിനെയും മണാലിയേയും ബന്ധിപ്പിക്കുന്ന പാതയാണ് അടൽ തുരങ്കം. സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിലുള്ള തുരങ്കം 3200 കോടി രൂപാ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങൾക്ക് ടണലിലൂടെ കടന്നു പോകാൻ കഴിയും.
മണാലിയില്‍ നിന്നും ലേയിലേക്കുള്ള ദൂരം കുറയ്‌ക്കാനും തുരങ്കം സഹായിക്കും. മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററിന്റെ കുറവാണ് തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുന്നത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്.

















