ന്യൂഡൽഹി: ഭാരതീയരുടെ അഭിമാനം വാനോളം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ചു. ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടൽ ടണൽ യാഥാർത്ഥ്യമാക്കി ഇന്ത്യ യശസ് ഉയർത്തി നിൽക്കുമ്പോൾ അതിനൊപ്പം മലയാളി തിളക്കവും ഉണ്ട്.
തുരങ്ക നിർമ്മാണത്തിന് മുന്നിൽ നിന്നും പ്രവർത്തിച്ച ബോർഡർ റോഡ്സ് ഓഫ് ഓർഗനൈസേഷൻ ചീഫ് എഞ്ചിനീയർ കെ പി പുരുഷോത്തമൻ. കണ്ണൂർ ഏച്ചൂർ സ്വദേശിയാണ് കെ പി പുരുഷോത്തമൻ. കേളമ്പത്ത് കണ്ണന്റേയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനായ അദ്ദേഹം കണ്ണൂരിൽ നിന്നാണ് പോളിടെക്നിക് പഠനം പൂർത്തിയാക്കിയത്.
പിന്നീട് ഡൽഹിയിലെത്തിയ അദ്ദേഹം സിവിൽ സർവ്വീസിൽ ബിരുദം നേടി. തുടർന്ന് കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ പി ജി ഡിപ്ലോമയും എംബിഎയും കരസ്ഥമാക്കി. 1987 ലാണ് അദ്ദേഹം ബോർഡർ റോഡ് ഓർഗനൈസേഷനിലെത്തുന്നത്. യു പി എസ് സി പരീക്ഷ പാസായ ശേഷമാണ് അദ്ദേഹം ബോർഡർ റോഡ് ഓഫ് ഓർഗനൈസേഷനിലെത്തിയത്.
ആൻഡമാൻ നിക്കോബാറിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിട്ടായിരുന്നു ആദ്യ നിയമനം. നാഗാലാൻഡ്, രാജസ്ഥാൻ, മിസോറാം, ജമ്മു കശ്മീർ, സിക്കിം, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2015 മുതൽ 2017 വരെ 2 വർഷം ഡപ്യൂട്ടേഷനിൽ കേരളത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ചൈന, പാകിസ്താൻ അതിർത്തികളിൽ സുപ്രധാന റോഡ് നിർമ്മാണ പദ്ധതികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തിനായി നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് 2019 ൽ ഇദ്ദേഹത്തിന് വിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചിരുന്നു.















