അബുദാബി: മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് പ്രകടനമാണ് ഇന്നത്തെ രാജസ്ഥാന്‍-മുംബൈ പോരാട്ടത്തിലെ ഹൈലൈറ്റ്. ചെറുപ്പവും പരിചയ സമ്പത്തും ഒത്തുചേര്‍ന്നതാണ് മുംബൈ നിര. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇത് ഒരുപോലെ പ്രകടമാണ് താനും.
9-ാമത്തെ ഓവറില്‍ പകരക്കാരനായി ഇറങ്ങിയ അനുകൂല്‍ റോയിയുടെ ക്യാച്ചാണ് മുംബൈയ്‌ക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയത്. 11 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച മഹിപാല്‍ ലൊമോര്‍ കൂറ്റനടിയ്‌ക്ക് ശ്രമിച്ചെങ്കിലും പിഴച്ചു. ലൈറ്റുകളുടെ വെളിച്ചത്തിനിടയിലും ഉയര്‍ന്നുവന്ന പന്തിനെ മുന്നോട്ട് ഡൈവ് ചെയ്ത അനുകൂല്‍ ലക്ഷ്യം തെറ്റാതെ കൈപ്പിടിയിലാക്കി.
ബാറ്റിംഗ് തകര്‍ച്ചക്കിടയിലും നഷ്ടപ്പെട്ട ഫോം തിരിപിടിച്ച് ഒറ്റയാള്‍ പോരാട്ടവുമായി മുന്നോട്ടുപോയ ജോസ് ബട്‌ലറിനെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിനരികെ കീറോണ്‍ പൊള്ളാര്‍ഡ് എടുത്ത ക്യാച്ച് കൈയ്യടി നേടി. 44 പന്തില്‍ 70 റണ്‍സ് നേടിയ ബട്‌ലര്‍ സിക്‌സറിനു ശ്രമിക്കവെ ഉയര്‍ന്നു ചാടിയ പൊള്ളാര്‍ഡ് പന്തിനെ തന്റെ വലം കൈയ്യിലാക്കിയെങ്കിലും പന്ത് പിടിവിട്ട് പോയി. എന്നാല്‍ പന്ത് നിലംതൊടും മുന്‍പെ പൊള്ളാര്‍ഡ് ക്യാച്ച് സ്വന്തമാക്കി.















