ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയുടെ കാവലാളായി ഇനി രുസ്തം ഡ്രോണുകൾ അണിനിരത്തും. നിരീക്ഷണത്തിന് മാത്രമല്ല ശത്രുവിനെ ആക്രമിക്കുന്നതിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളാണ് ഇന്ത്യ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി ലഡാക്കിലേക്ക് എത്തിക്കുന്നത്.,
ഡി.ആർ.ഡി.ഒ യാണ് രുസ്തം-2 വികസിപ്പിച്ചത്. ഡി.ആർ.ഡി.ഒയുടെ പ്രോട്ടോടൈപ്പ് പരീക്ഷണം പൂർത്തിയായതിനാൽ ഇനി വ്യോമസേന നേരിട്ട് പരീക്ഷണ പറക്കൽ നടത്തിയ ശേഷമായിരിക്കും ലഡാക്കിലേക്ക് ഡ്രോണുകളെ എത്തിക്കുക.
പതിനാറായിരം അടി ഉയരത്തിൽ നിരീക്ഷിക്കാനും എട്ടു മണിക്കൂർ തുടർച്ചയായി പറക്കാനും രുസ്തത്തിന് കഴിയും. കർണ്ണാടകയിലെ ചിത്രദുർഗ്ഗത്തിലാണയിരുന്നു രുസ്തത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. പരിഷ്‌ക്കരിച്ച പതിപ്പിന് 26000 അടി ഉയരത്തിൽ പറക്കാനും 18 മണിക്കൂർ പറക്കാനുമാകുമെന്നും ഈ വർഷം അവസാനത്തോടെ പ്രവർത്തന സജ്ജമാകുമെന്നും ഡി.ആർ.ഡി.ഒ അറിയിച്ചു.
സിന്തറ്റിക് അപ്പറേച്ചർ റഡാറും, ഇലട്രോണിക് ഇന്റലിജൻസ് സംവിധാനവും സാഹചര്യങ്ങളും കാലാവസ്ഥയും മനസ്സിലാക്കി ദിശമാറ്റാനുള്ള സ്വയം നിയന്ത്രിത സംവിധാനവും രുസ്തത്തിലുണ്ട്. പരീക്ഷണ ഘട്ടത്തിൽ 8 മണിക്കൂർ ആകാശത്ത് പൂർത്തിയാക്കിയശേഷവും ഒരു മണിക്കൂറിനടുത്ത് പറക്കാനുള്ള ഇന്ധനം ബാക്കിയുണ്ടായിരുന്നതായും ഗവേഷകർ അറിയിച്ചു.
ഇസ്രായേലിൽ നിന്നും ഇന്ത്യ വാങ്ങാൻ തീരുമാനിച്ച ആക്രമണ ശേഷി കൂടിയ ഹെറോൺ ഡ്രോണുകളുടെ അതേ കരുത്തിലാണ് രുസ്തത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഇന്ത്യ തയ്യാറാക്കുന്നതെന്നും ഡി.ആർ.ഡി.ഒ അറിയിച്ചു. ചൈന ഇതിനിടെ അതിർത്തിയിലേക്ക് വിംഗ് ലൂംഗ് -2 എന്ന ഡ്രോണുകളാണ് എത്തിച്ചിരിക്കുന്നത്. ഇതേ വിഭാഗത്തിലെ നാലെണ്ണം പാകിസ്താനും ചൈന കൈമാറിയതായി സൈനിക വിഭാഗങ്ങൾ മുന്നേ കണ്ടെത്തിയിരുന്നു.
Comments