തിരുവനന്തപുരം : തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് താൻ അറിഞ്ഞില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നയുടെ നിയമനം അറിഞ്ഞിരുന്നില്ലെന്നും വിവാദങ്ങൾ ഉണ്ടായ ശേഷമാണ് നിയമനം അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്നയുടെ മൊഴി സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശങ്ങൾ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി . ‘ വിവരങ്ങൾ പുറത്തുവന്നശേഷമാണ് ഞാൻ അറിയുന്നത്. അത്തരം നിയമനത്തിനു മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല ‘ മുഖ്യമന്ത്രി പറഞ്ഞു.മൊഴി വ്യക്തമാണെന്നും തന്നെ അറിയുമെന്ന് ഉറപ്പിച്ച് പറയുകയല്ല സ്വപ്ന ചെയ്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേ സമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിൽ പറയുന്നു.സര്‍ക്കാരും കോണ്‍സുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന എന്ഫഴ്സ്മെന്റിനോട് വെളിപ്പെടുത്തി.
സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന മൊഴിയുടെ പിന്നാലെയാണ് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ മൊഴിയുടെ പൂര്‍ണരൂപം പുറത്ത് വന്നത്.
Comments