തിരുവനന്തപുരം : കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര ആചാര പ്രകാരം നടത്തണമെന്ന ആവശ്യം അവഗണിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി. നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ആചാരങ്ങള്‍ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. നവരാത്രി വിഗ്രഹ ഘോഷയാത്ര വാഹനത്തില്‍ നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് വിവി രാജേഷ് പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ വിശ്വാസ സമൂഹം തയ്യാറാകുമ്പോള്‍ അതിനെ മുഖവിലയ്ക്കെടുക്കാതെ ഹൈന്ദവ വിശ്വാസങ്ങള്‍ ചവിട്ടിമെതിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കും.
ഹൈന്ദവ സംഘടനകളുമായും ഭക്തജന കൂട്ടായ്മകളുമായും ഒരു ചര്‍ച്ചയും നടത്താതെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥന്മാര് ചേര്‍ന്നുകൊണ്ട് വാഹനത്തില്‍ വിഗ്രഹങ്ങള്‍ കൊണ്ടു വരാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
മാനദണ്ഡങ്ങള്‍ പാലിച്ച് പരമ്പരാഗത രീതിയില്‍ നിലവിലുള്ള ആചാരങ്ങള്‍ അനുസരിച്ച് നവരാത്രി വിഗ്രഹ ഘോഷയാത്ര നടത്തണം. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയും അവര്‍ക്ക് കൊറോണ ടെസ്റ്റ് നിര്‍ബന്ധമാക്കിയും ആചാര പ്രകാരം തന്നെ നടത്തണമെന്ന് വിവി രാജേഷ് ആവശ്യപ്പെട്ടു.
Comments