ആലപ്പുഴ: ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. തലവടി സ്വദേശി മാത്തുക്കുട്ടി മത്തായി എന്നറിയപ്പെടുന്ന വാവച്ചനാണ് പിടിയിലായത്. അമ്പലപ്പുഴയിലാണ് സംഭവം.
പുന്നപ്ര ശ്രീ അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ ശേഷം ഇയാൾ കാണിക്കവഞ്ചി കുത്തിത്തുറക്കുകയായിരുന്നു. 15,000 രൂപയും ഇതിൽ നിന്ന് കവർന്നു. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വാവച്ചൻ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.