തിരുവനന്തപുരം : ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാരെ ഒഴിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്ന് സിപിഎം മുഖപത്രം . പാർട്ടി രൂപം കൊണ്ടതിന്റെ നൂറാം വാർഷികത്തിനായി പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ അവകാശവാദങ്ങൾ.
ഇന്ത്യയിൽ ജനാധിപത്യം കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും , സ്വാതന്ത്യ്ര സമരവുമായി ഇഴുകിചേർന്നാണ് പാർട്ടി വളർന്നതെന്നും ലേഖനത്തിൽ പറയുന്നു .സ്വാതന്ത്ര്യം കിട്ടിയ ആദ്യ പതിറ്റാണ്ടുകളിൽ ഭൂപരിഷ്കരണം എന്ന മുദ്രാവാക്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര വിഷയമാക്കി മാറ്റിയത് കമ്മ്യൂണിസ്റ്റ് പാർടിയായിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനുവേണ്ടിയുള്ള സമരത്തിന്റെ മുൻപന്തിയിലും കമ്മ്യൂണിസ്റ്റ് പാർടി നിലയുറപ്പിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഇത്തരമൊരു ആശയം കമ്മ്യൂണിസ്റ്റ് പാർടി മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നുവെന്നും ലേഖനം അവകാശപ്പെടുന്നു .
ഹിന്ദുത്വശക്തികൾക്കെതിരെ പോരാടാനും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണുള്ളത് .നവ ഉദാരവൽക്കരണവും ഹിന്ദുത്വവും ശക്തിപ്രാപിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വർഗങ്ങളുടെ ഘടനയിലും മറ്റും നിയോലിബറൽ മുതലാളിത്തം വരുത്തിയ മാറ്റങ്ങൾ തൊഴിലാളിവർഗ, കർഷകപ്രസ്ഥാനങ്ങളുടെ വികാസത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾക്ക് ബദൽ നയങ്ങൾ നടപ്പാക്കുന്നതിൽ പല പരിമിതികളും ഇത് സൃഷ്ടിക്കുന്നുണ്ട്. സിപിഐ എമ്മും ഇടതുപക്ഷ ശക്തികളും ഈ സാഹചര്യം മുറിച്ചുകടക്കാനുതകുന്ന അടവുപരമായ സമീപനങ്ങളും മുദ്രാവാക്യങ്ങളും രൂപപ്പെടുത്തുകയാണ്.
കഴിഞ്ഞ ആറുവർഷമായി കേന്ദ്രാധികാരം കൈയാളുന്നത് ഹിന്ദുത്വ ആശയപദ്ധതി അടിസ്ഥാനമാക്കിയ രാഷ്ട്രീയ പാർട്ടിയാണ്. അവരെ നിയന്ത്രിക്കുന്നതാകട്ടെ ആർഎസ്എസും.ദേശീയതയെന്ന വെല്ലുവിളിയെ സാമ്രാജ്യത്വവിരുദ്ധതയും മതനിരപേക്ഷതയും എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയുംകൊണ്ട് നേരിടും. സ്വാതന്ത്ര്യത്തിനായുള്ള സാമ്രാജ്യവിരുദ്ധ സമരത്തിന്റെ മുന്നണിപ്പടയായ കമ്മ്യൂണിസ്റ്റുകാർക്കാണ് അത് ചെയ്യാൻ കഴിയുകയെന്നും ലേഖനം പറയുന്നു.
Comments