പുരാതനമായ കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം

Published by
Janam Web Desk

 

പരശുരാമന്‍ പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടിയെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം. പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിലാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തപസ്സ് ചെയ്യുന്ന സങ്കല്‍പ്പത്തിലുള്ള പരമശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ആയിരം വര്‍ഷത്തില്‍ അധികം പഴക്കമേറിയ വളരെ പുരാതനമായ കിള്ളിക്കുറിശ്ശിമംഗലം മഹാദേവ ക്ഷേത്രം നിര്‍മ്മിച്ചത് ശ്രീ ശുകബ്രഹ്മര്‍ഷി ആണെന്നാണ് ഐതിഹ്യം. മനയുടെ ആകൃതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്ര സമുച്ചയവും കൊത്തു പണികളും അവിടെ എത്തുന്ന ആരെയും അത്ഭുതപ്പെടുത്തുന്നു. വളരെ വിസ്തൃതിയുളള ക്ഷേത്രത്തിലെ നാലമ്പല ചുമരുകള്‍ വെട്ടുകല്ലിൽ തീര്‍ത്തവയാണ്.

പടിഞ്ഞാറേ നാലമ്പലത്തിനു പുറത്തായാണ് വലിപ്പമേറിയ ആനക്കൊട്ടില്‍ നിലകൊള്ളുന്നത്. ആനക്കൊട്ടിലിനകത്താണ് വലിയ ബലിക്കല്ലും, നന്ദികേശ്വര പ്രതിഷ്ഠയും സ്ഥിതി ചെയ്യുന്നത്. ഉരുളന്‍ തൂണുകളാല്‍ സമ്പന്നമാണ് ആനക്കൊട്ടില്‍. ഗണപതി, മഹാവിഷ്ണു, പാര്‍വതിദേവി, വൈഷ്ണവി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. നെയ്പ്പായസം, കദളിപ്പഴം നൈവേദ്യം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രത്തില്‍ നിന്നും കദളിപ്പഴം നേദിച്ചു കഴിച്ചാല്‍ ജന്മനാ സംസാരിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അവരുടെ സംസാര ശേഷി കൈവരും എന്നാണ് വിശ്വസിക്കുന്നത്.

മഹാദേവക്ഷേത്രത്തിനു ചുറ്റുമുളള പ്രകൃതി രമണീയമായ കാഴ്ചകളും അതിമനോഹരമാണ്. കൂടാതെ ക്ഷേത്രത്തിനു തൊട്ടടുത്തായി ഭാരതപ്പുഴയും ഒഴുകുന്നു. വനവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ പിതാവായ പാണ്ഡുവിനു വേണ്ടി നൂറ്റെട്ടിയെട്ട് പുണ്യ സ്ഥലങ്ങളില്‍ പൃതുതര്‍പ്പണം നടത്തിയിരുന്നെന്നും അതില്‍ നൂറ്റെട്ടിയെട്ടാമത്തേതും അവസാനത്തേതുമായ പുണ്യ സ്ഥലം കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രമായിരുന്നു എന്നുമാണ് ഐതിഹ്യം. ശിവരാത്രിയാണ് കിള്ളിക്കുറിശ്ശിമംഗലം മഹാദേവ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിന് ആ പേരു ലഭിക്കാന്‍ കാരണം  മഹാദേവക്ഷേത്രമാണ് എന്നാണ് വിശ്വാസം.

Share
Leave a Comment