ന്യൂഡൽഹി: മൊബൈൽ ഗെയിം പബ്ജിയുടെ ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കൾക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെൻസെന്റ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബർ 2 ന് പബ്ജി അടക്കമുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയാണ് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും പ്രതിരോധവും സുരക്ഷയും മുൻ നിർത്തിയായിരുന്നു ഇത്തരമൊരു നീക്കം.
പബ്ജിയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും നിലവിലെ ഉപഭോക്താക്കൾക്ക് ഗെയിം കളിക്കാൻ കഴിഞ്ഞിരുന്നു. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും പബ്ജി നീക്കിയിരുന്നെങ്കിലും അതിന് ശേഷം രണ്ടു മാസത്തോളം ഉപയോക്താക്കൾക്ക് ഗെയിം തുടർന്ന് കളിക്കാനുള്ള അവസരം ഉണ്ടായിരുന്നു. സേവനങ്ങൾ പൂർണമായും അവസാനിപ്പിക്കുന്നതോടെ ഈ അവസരം ഉപയോക്താക്കൾക്ക് നഷ്ടമാകും.
പബ്ജി ഗെയിം നിരോധനം താത്ക്കാലികമാണെന്നുള്ള തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നിരോധനം ശാശ്വതമായിരുന്നുവെന്ന് ഒക്ടോബർ ആദ്യവാരം അധികൃതർ വ്യക്തമാക്കി. പബ്ജി ഗെയിം യുവാക്കളെ വഴി തെറ്റിക്കുകയാണെന്നും അക്രമാസക്തമായ ഇത്തരമൊരു ഗെയിമിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമായിരുന്നു സർക്കാരിന്റെ തീരുമാനം.















