കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കോൺഗ്രസ്സ് എംഎൽഎ വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടി സെക്രട്ടറിയുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തിയിരിക്കുന്നു. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് സതീശൻ പറഞ്ഞു.
അഴിമതി നിറഞ്ഞ എൽഡിഎഫ് സർക്കാരിന് കമ്മ്യൂണിസ്റ്റുകാർ പോലും വോട്ട് ചെയ്യില്ല. പുറത്ത് പറയാൻ കൊള്ളാത്ത കേസുകളാണ് ഏറെയും. നല്ല പാർട്ടിക്കാർ അപമാനഭാരത്താൽ തലകുനിച്ച് നിൽക്കുകയാണെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
നല്ല കമ്യൂണിസ്റ്റുകൾ ഈ പ്രാവശ്യം ആർക്ക് വോട്ടുചെയ്യും ?
നമ്മുടെ നാട്ടിൽ നല്ല കമ്യൂണിസ്റ്റുകളുമുണ്ട്. നാടിനും നാട്ടുകാർക്കും നല്ലതുവരണം എന്നാഗ്രഹിക്കുന്ന അഴിമതി രഹിതരായ നല്ല മനുഷ്യർ.
പക്ഷെ അവരുടെ പാർട്ടി കേരളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീർണ്ണത നേരിടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജൻസികൾ എത്തി. പുറത്ത് പറയാൻ കൊള്ളാത്ത കേസുകളാണ് ഏറെയും. നല്ല പാർട്ടിക്കാർ അപമാനഭാരത്താൽ തല കുനിച്ചു നിൽക്കുന്നു. പാർട്ടി ഈ ജീർണ്ണതയിൽ നിന്ന് പുറത്ത് വരണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ ഇത്തവണ പാർട്ടി നേതൃത്വത്തിന് ഒരു താക്കീത് നൽകും.
അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ നല്ല കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ടു ചെയ്യും.
Comments