ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അമേരിക്കയില്‍ നിന്നുള്ള പി-81 അന്തര്‍വാഹിനി വേധ യുദ്ധവിമാനം എത്തി. ഗോവയിലെ ഐഎന്‍എസ് ഹസ്നയിലാണ് വിമാനം ഇറങ്ങിയത്. ഒമ്പതാമത്തെ പി-81 യുദ്ധവിമാനമാണ് നാവികസേനയുടെ ഭാഗമായത്.
പി-81 ശ്രേണിയിലെ അത്യാധുനിക യുദ്ധവിമാനമാണ് നാവികസേനയ്ക്ക് ലഭിച്ചിരിക്കുന്നത്. ലഡാക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും നിരീക്ഷണത്തിന് ഇന്ത്യ പി-81 യുദ്ധവിമാനം ഉപയോഗിക്കുന്നുണ്ട്. 2017ല്‍ നടന്ന ഡോക്ലാം സംഘര്‍ഷത്തിലും ഇന്ത്യ പി-81 യുദ്ധവിമാനങ്ങളെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.
2009ല്‍ എട്ട് യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിനു ശേഷം 2016ല്‍ ആറ് വിമാനങ്ങള്‍ കൂടി അധികമായി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണില്‍ വിമാനം കൈമാറാനായിരുന്നു ധാരണ. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനം കൈമാറുന്നതില്‍ കാലതാമസം നേരിടേണ്ടി വന്നു. അവശേഷിക്കുന്ന മൂന്ന് പി-81 യുദ്ധവിമാനങ്ങള്‍ 2021ല്‍ നാവികസേനയ്ക്ക് കൈമാറും.
Comments