ബ്യൂണസ് അയേഴ്‌സ്; ഡീഗോ … ഗുഡ് ബെെ …. എല്ലായ്പോഴും അനശ്വരനായിരിക്കും … എല്ലാത്തിനും നന്ദി …. മൂന്നര പതിറ്റാണ്ടോളം അർജന്റീനിയൻ ഫുട്ബോളിന്റെ അടയാളമായി ലോകത്തിന് മുന്നിൽ നിറഞ്ഞു നിന്ന ഇതിഹാസ താരം ഡീഗോ മറഡോണയുടെ വേർപാടിൽ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ അനുശോചനക്കുറിപ്പ് അവസാനിക്കുന്നത് ഈ വാചകങ്ങളിലാണ്. നിലപാടുകളുമായി ബന്ധപ്പെട്ട കലഹങ്ങൾക്കിടയിലും മറഡോണയെ അർജന്റീനയും അവിടുത്തെ ഫുട്ബോൾ ലോകവും എത്രത്തോളം സ്നേഹിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ഈ വാക്കുകൾ
മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയുടെ ആഘാതത്തിലാണ് അര്‍ജന്റീന. താരമായും ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായും ഒക്കെ നിറഞ്ഞുനിന്ന മറഡോണയെ അര്‍ജന്റീനിയക്കാര്‍ എന്നും നെഞ്ചോട് ചേര്‍ത്തിരുന്നു. മറഡോണ ഞങ്ങളെ അത്യധികം സന്തോഷിപ്പിച്ചിരുന്നുവെന്ന് മാത്രമായിരുന്നു പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ വാക്കുകള്‍. എല്ലായ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്ന വാക്കുകളോടെയാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ മറഡോണയുടെ വിയോഗ വാർത്ത പങ്കു വെച്ചത്.
ദേശീയതലത്തില്‍ അര്‍ജന്റീന മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വികാരനിര്‍ഭരമായ വാക്കുകളിലാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മറഡോണയുടെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ചത്. സങ്കീർണമായ നൃത്തകല ചാരുത കാെണ്ട് പരിപോഷിപ്പിച്ചെടുത്ത
നർത്തകനെന്നും ഉൻമത്തമായ കിക്കുകൾ നിറഞ്ഞ ഖനി ഭൂമികളിൽ സാന്നിധ്യം കാെണ്ട് വെല്ലുവിളി ഉയർത്തിയവനെന്നും അസാേസിയേഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പിൽ വിശേഷിപ്പിക്കുന്നു.
മണ്ണിലും പുൽതകിടിയിലും നഗ്നപാദനായും സുവർണ പാദുകങ്ങളാലും ലഹള കൂട്ടി മാന്ത്രിക കല പ്രചരിപ്പിച്ച താരം. ജൂനിയർ ടീമിലെ അരങ്ങേറ്റം മുതൽ സകലരെയും വിസ്മയിപ്പിച്ച താരം. ബാെക്കയിലും ബാഴ്സിലോണയിലും നാപോളിയിലും അർജന്റീനിയൻ ദേശീയ ടീമിലും വരെ എങ്ങനെ തിളങ്ങണമെന്ന് മറഡോണയ്‌ക്ക് അറിയാമായിരുന്നു. അസാമാന്യമായ ഇടംപാദം കൊണ്ട് അര്‍ജന്റീനിയന്‍ ഫുട്‌ബോളിനെ വലുതാക്കിയ വ്യക്തി. ലോകമെങ്ങും അർജന്റീനയുടെ മുദ്രയും അടയാളവുമായി മാറിയ ഇതിഹാസം തുടങ്ങി മറഡോണയുടെ ഫുട്ബോൾ ജീവിതചിത്രം വരച്ചിടുന്നതാണ് കുറിപ്പ്.
ലോകകപ്പിൽ മറഡോണ മുത്തമിടുന്ന പ്രശസ്തമായ ചിത്രം സഹിതമാണ് വെബ് സൈറ്റിന്റെ മുഖ പേജിൽ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.















