പനജി: ഐഎസ്എല്ലിലെ പുതുമുഖമായ ഈസ്റ്റ് ബംഗാളിന് തോല്‍വിയോടെ തുടക്കം. എതിരില്ലാത്ത രണ്ട് ഗോളിന് ഈസ്റ്റ് ബംഗാള്‍ എടികെ മോഹന്‍ ബഗാന് മുന്നില്‍ അടിയറവ് പറഞ്ഞു. റോയ് കൃഷ്ണ, മന്‍വീര്‍ സിംഗ് എന്നിവരാണ് എടികെയ്‌ക്ക് വേണ്ടി ലക്ഷ്യം കണ്ടത്.
അരങ്ങേറ്റക്കാരുടെ പരിഭ്രാന്തിയില്ലാതെയാണ് ഈസ്റ്റ് ബംഗാള്‍ മത്സരം ആരംഭിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഫിനിഷിംഗിലുള്ള പോരായ്മയാണ് ഈസ്റ്റ് ബംഗാളിന് വിനയായത്. 36-ാം മിനിട്ടില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ഗോള്‍കീപ്പറായ മജുംദാര്‍ സേവ് ചെയ്തു. തുടര്‍ന്ന് 38-ാം മിനിട്ടില്‍ ലഭിച്ച അവസരം ബല്‍വന്ത് സിംഗ് നഷ്ടപ്പെടുത്തി. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് പിരിഞ്ഞത്.
മത്സരത്തിലെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 49-ാം മിനിട്ടില്‍ ജയേഷ് റാണയുടെ മുന്നേറ്റത്തില്‍ നിന്ന് ലഭിച്ച പന്ത് ഹെര്‍ണാണ്ടസ് റോയ് കൃഷ്ണയ്‌ക്ക് നല്‍കി. പ്രതിരോധ നിരയെ നോക്കുകുത്തിയാക്കി റോയ് കൃഷ്ണ ഗോള്‍ നേടി. തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ ഏതാനും മിനിട്ടുകള്‍ മാത്രം ശേഷിക്കെയാണ് ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകള്‍ക്ക് അസ്തമയം കുറിച്ച് മന്‍വീര്‍ സിംഗിലൂടെ എടികെ രണ്ടാം ഗോള്‍ നേടിയത്.
മത്സരത്തില്‍ 68 ശതമാനവും പന്ത് കൈവശം വെച്ചത് ഈസ്റ്റ് ബംഗാളായിരുന്നു. എടികെ 12 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഈസ്റ്റ് ബംഗാള്‍ 15 ഷോട്ടുകളാണ് ഉതിര്‍ത്തത്. 81 ശതമാനം കൃത്യതയോടെ 521 പാസുകളാണ് ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ പൂര്‍ത്തിയാക്കിയത്.















