സിഡ്‌നി: നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സ് എടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ ഉജ്ജ്വല പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണിംഗ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും(83) നായകന്‍ ആരോണ്‍ ഫിഞ്ചും(60) മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 142 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. മൂന്നാമനായെത്തിയ സ്മിത്ത് 64 പന്തില്‍ 14 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 104 റണ്‍സ് എടുത്തു. മാര്‍നസ് ലെബുഷെയ്ന്‍ 70 റണ്‍സ് നേടിയപ്പോള്‍ അവസാന നിമിഷം ആഞ്ഞടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പ്രകടനമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ 63 റണ്‍സ് നേടിയ മാക്‌സ്‌വെല്‍ പുറത്താകാതെ നിന്നു.
ഇന്ത്യയ്‌ക്ക് വേണ്ടി മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ഹര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും മാത്രമാണ് ഓസീസ് ബാറ്റിംഗ് നിരയ്‌ക്ക് അല്‍പ്പമെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചത്. മറ്റുള്ള പ്രമുഖ ബൗളര്‍മാരെല്ലാം തന്നെ ശരാശരി 7 റണ്‍സിന് മുകളില്‍ വഴങ്ങിയിട്ടുണ്ട്. മത്സരം ജയിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് പരമ്പര നഷ്ടമാകും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലാണ്.















