ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ മൂന്നാം മത്സരത്തിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. ഗോവയിലെ ജിഎംസി സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ തോൽവിയും രണ്ടാം മത്സരത്തിൽ സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സിനെ തങ്ങളുടെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്താനായി വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനാവില്ല. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോൽവി വഴങ്ങിയപ്പോൾ രണ്ടാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ സെർജിയോ സിഡോഞ്ച, സ്ട്രൈക്കറായ ഗാരി ഹൂപ്പർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി രണ്ടാമത്തെ മത്സരത്തിൽ ഗോൾ നേട്ടം സ്വന്തമാക്കിയത്.
മറുവശത്ത് തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജംഷെഡ്പൂർ എഫ്സിയെ പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ചെന്നൈയിൻ എഫ്സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടു തന്നെ ഇന്ന് നടക്കുന്ന മത്സരത്തിൽ മുൻതൂക്കം ചെന്നൈയിൻ എഫ്സിക്കാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് 6 സീസണുകൾ പിന്നിട്ടപ്പോൾ 2 തവണ ജേതാക്കളായിട്ടുള്ള ചെന്നൈയിൻ എഫ്സി മൂന്നു തവണ ഫൈനലിലും എത്തിയിട്ടുണ്ട്. ഇതുവരെ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും 2 തവണ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിനും സാധിച്ചിരുന്നു. ഇരു ടീമുകളുടെയും വിദേശ താരനിരയും യുവ ഇന്ത്യൻനിരയും അതി ശക്തമാണ്. ഇരു ടീമുകളും അക്രമണാത്മകമായ ശൈലിയാകും പുറത്തെടുക്കാൻ സാധ്യത.
കൈവന്ന വിജയം അവസാന നിമിഷം കൈവിട്ടുകളയുന്ന പ്രവണത ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞ സീസൺമുതലെയുണ്ട്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് സമനില നേടിയത് രണ്ടാം പകുതിയുടെ തുടക്കത്തിൽ നേടിയ ഗോളിലും ശേഷം അവസാന നിമിഷം നേടിയ ഒരു ഗോളിലുമാണ്. അതിനാൽ ഈ പ്രവണതക്ക് ടീം തടയിടാൻ ശ്രമിക്കുമെന്നുറപ്പാണ്. ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടുമ്പോൾ പ്രതിരോധത്തെ കൂടുതൽ ശക്തമാക്കാനാൻ ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂന ശ്രമിക്കും.
ആദ്യ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തിയ മുന്നേറ്റ നിരയ്‌ക്ക് കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകും. അറ്റാക്കിംഗ് മിഡ്ഫീൽഡർ റോൾ ഗംഭീരമാക്കിയ സിഡോ നാളെയും അതേ പൊസിഷനിൽ കളത്തിലിറങ്ങാനാണ് സാധ്യത. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിൽ ഇതുവരെയുള്ള മത്സരങ്ങൾ അവലോകനം ചെയ്യുമ്പോൾ വ്യക്തമാകുന്നത് ആക്രമണാത്മക ഫുട്ബോൾ കാഴ്ച വെച്ച ടീമുകൾക്ക് വിജയം സ്വന്തമാക്കാൻ സാധിച്ചു എന്നതാണ്. അതിനാൽ ഇരു ടീമുകളും അകാരമാത്മകമായ ശൈലി പിന്തുടരുമെന്നുറപ്പാണ്.















