സിഡ്നി: ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പര കൈവിട്ട് ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയതോടെയാണ് പരമ്പര ഇന്ത്യയ്‌ക്ക് നഷ്ടമായത്. രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി 700 ൽ അധികം റൺസ് പിറന്ന മത്സരത്തിൽ 51 റൺസിനാണ് ഇന്ത്യയുടെ തോൽവി. സ്മിത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുടെ മികവിലായിരുന്നു ഓസിസ് 389 റൺസ് അടിച്ചുകൂട്ടിയത്. ഇതിന് പുറമെ നാല് ഓസിസ് താരങ്ങൾ അർദ്ധ സെഞ്ച്വറിയും നേടി.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസിസിന് വേണ്ടി ഓപ്പണിംഗ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും(83) നായകന്‍ ആരോണ്‍ ഫിഞ്ചും(60) ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 142 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. മൂന്നാമനായെത്തിയ സ്മിത്ത് 64 പന്തില്‍ 14 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 104 റണ്‍സ് എടുത്തു. മാര്‍നസ് ലെബുഷെയ്ന്‍ 70 റണ്‍സ് നേടിയപ്പോള്‍ അവസാന നിമിഷം ആഞ്ഞടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പ്രകടനമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ 63 റണ്‍സ് നേടിയ മാക്‌സ്‌വെല്‍ പുറത്താകാതെ നിന്നു.
ഇന്ത്യയ്‌ക്ക് വേണ്ടി മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ഹര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും മാത്രമാണ് ഓസീസ് ബാറ്റിംഗ് നിരയ്‌ക്ക് അല്‍പ്പമെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചത്. മറ്റുള്ള പ്രമുഖ ബൗളര്‍മാരെല്ലാം തന്നെ ശരാശരി 7 റണ്‍സിന് മുകളില്‍ വഴങ്ങിയിട്ടുണ്ട്.
390 വിയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി നായകൻ വിരാട് കോഹ്ലിയും കെഎൽ രാഹുലും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. കോഹ്ലി 89ഉം രാഹുൽ 76 ഉം റൺസ് നേടി. ഇന്ത്യൻ നിരയിൽ മറ്റാർക്കും അർദ്ധ സെഞ്ച്വറി തികക്കാനായില്ല. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുക്കാനേ ഇന്ത്യയ്‌ക്ക് കഴിഞ്ഞുള്ളൂ. ഓസിസിന് വേണ്ടി കമ്മിൻസ് മൂന്നും സാമ്പയും ഹേസൽവുഡും രണ്ട് വീതം വിക്കറ്റുകളും നേടി.















