സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം

Published by
Janam Web Desk

ചർമസംരക്ഷണത്തിനായുള്ള  ബ്യൂട്ടി കെയർ പ്രൊഡക്റ്റുകളുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ വിപണിയാണ് നമ്മുടെ ഭാരതം.  നല്ല ആഹാരം  തന്നെ ഔഷധമാണെന്ന പഴമൊഴി നാം മറന്നു പോകുന്നതിന്റെ ഫലമായാണ് ഹാനികരമായ കെമിക്കലുകൾ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ നമ്മുടെ വിപണിയും വീടും  കൈയടക്കിയിരിക്കുന്നത്. യുവത്വം മൃദുത്വവും തിളക്കവുമുള്ള ചർമ്മം നിലനിർത്താൻ  കഴിക്കുന്ന ഭക്ഷണത്തിൽ അൽപം  ശ്രദ്ധിച്ചാൽ മതിയാകും. എത്ര രുചികരമായ  ഭക്ഷണം ആയാലും മിതത്വം പാലിക്കണം.  ധാരാളം വെള്ളം കുടിക്കു എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയും ചെയ്താൽ  തന്നെ ചർമസംരക്ഷണത്തിന്റെ ആദ്യപടിയായി എന്നുപറയാം.

ഭക്ഷണത്തിൽ  വിറ്റാമിൻ- സി ധാരാളം അടങ്ങിയ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചർമം നല്ല മൃദുത്വവും തിളക്കവും ഉള്ളതാക്കി മാറ്റാൻ  വിറ്റാമിൻ- സി  സഹായിക്കുന്നു. കൂടാതെ ഇത്  രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും  കോളാജന്റെ ഉൽപാദനം കൂട്ടുകയും ചെയ്യുന്നു. വിറ്റാമിൻ- സി ശരീരത്തിന് സംഭരിച്ചു വയ്‌ക്കുവാൻ സാധിക്കില്ല. അതിനാൽ തന്നെ വിറ്റമിൻ -സി അടങ്ങിയ പഴവർഗ്ഗങ്ങൾ ദൈനംദിന ഭക്ഷണത്തിൽ  ഉൾപ്പെടുത്തണം. മിക്ക പഴവർഗങ്ങളിലും വിറ്റമിൻ- സി അടങ്ങിയിട്ടുണ്ട്. ചർമത്തിന് തിളക്കം നൽകാൻ വിറ്റമിൻ- സി അടങ്ങിയ സിട്രസ് ഫ്രൂട്ടുകൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. നിങ്ങൾ ഡെയിലി ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കേണ്ട അഞ്ചു പഴവർഗ്ഗങ്ങളെ  നമുക്കിവിടെ പരിചയപ്പെടാം

ഓറഞ്ച്

വർഷം മുഴുവൻ ധാരാളമായി ലഭിക്കുന്ന ഓറഞ്ച് വിറ്റമിൻ- സിയുടെ  നല്ലൊരു കലവറയാണ്. ദിവസേന കഴിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുവാനും തിളക്കം നിലനിർത്തുവാനും സഹായിക്കും. കൂടാതെ ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എണ്ണകൾ ചർമത്തിലെ ജലാംശം നിലനിർത്തുവാനും മുഖം ഫ്രഷ് ആയി ഇരിക്കുവാനും സഹായിക്കും.

കിവി
വില അൽപം കൂടുതലാണെങ്കിലും കിവി പഴം മുഴുവനായും വിറ്റാമിൻ- സി ആണ്. കൊളാജെൻ ഉല്പാദനം വർധിപ്പിക്കുന്നതിനാൽ ചർമ്മത്തിലെ ചുളിവുകൾ അപ്രത്യക്ഷമാകാനും , കണ്ണുകളുടെ ആരോഗ്യത്തിനും കിവിപഴം പ്രധാന പങ്കുവഹിക്കുന്നു.

 തണ്ണിമത്തൻ

92 ശതമാനത്തിലധികം  ജലം അടങ്ങിയതാണിത്. തണ്ണി മത്തനിൽ വിറ്റാമിൻ സി, ബി1, ബി6 എന്നിവ ധാരാളം  അടങ്ങിയിട്ടുണ്ട്.  തണ്ണിമത്തൻ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമസംരക്ഷണത്തിനും പൊതുവേയുള്ള ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുവാനും വളരെയേറെ സഹായിക്കുന്നു. കൂടാതെ  തണ്ണിമത്തനിൽ കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ ഇല്ല എന്ന പ്രത്യേകതയുമുണ്ട്.

പൈനാപ്പിൾ
വിറ്റാമിൻ-സി ക്കൊപ്പം  വിറ്റാമിൻ -എ, കെ എന്നിവയും പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുഖക്കുരു ഭേദമാക്കാൻ  സഹായിക്കുന്ന ബ്രോമേലിൻ പൈനാപ്പിളിൽ ഉണ്ട്. ചുളിവുകൾ തടയാനും, പാടുകൾ ഇല്ലാതാക്കാനും, സൂര്യപ്രകാശം മൂലം ചർമത്തിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുവാനും പൈനാപ്പിൾ ദിവസേന  കഴിക്കുന്നത്  സഹായിക്കും.

ആപ്പിൾ

വിറ്റാമിൻ– എ, സി എന്നിവ കൂടാതെ  ആന്റി ആക്സിഡന്റ്കളുടെ മികച്ച കലവറകൂടിയാണ്  ആപ്പിൾ. ചർമ്മത്തിന് ആരോഗ്യം നിലനിർത്തി ആരോഗ്യവും ഉന്മേഷവും കാത്തുസൂക്ഷിക്കാൻ ആപ്പിളിനെ പോലെ സഹായിക്കുന്ന മറ്റൊരു ഫ്രൂട്ട് ഇല്ലെന്നു തന്നെ പറയാം

 

 

 

 

 

 

Share
Leave a Comment