പാലക്കാട്: വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ മാത്രമാണ് പുതിയ സംഘം അന്വേഷണം നടത്തുക. കേസ് ഏറ്റെടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സിബിഐ ഇതിന് മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ അന്വേഷണസംഘത്തിന് സർക്കാർ രൂപം നൽകിയത്.
നിശാന്തിനി ഐപിഎസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ക്രൈംബ്രാഞ്ച് എസ്പി എ എസ് രാജു, ഡി സി പി ഹേമലത എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരിക്കും. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ചേർക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അനുമതി നൽകിയിട്ടുണ്ട്.
തുടരന്വേഷണത്തിന് അനുമതി തേടി പുതിയ അന്വേഷണ സംഘം നാളെ പാലക്കാട് പോക്സോ കോടതിയിൽ അപേക്ഷ നൽകും. കേസ് ഡയറി ഉൾപ്പെടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പി അറിയിച്ചു.
കഴിഞ്ഞ ദിവസം വാളയാർ കേസിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നു. മരിച്ച പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചായിരുന്നു സർക്കാരിന്റെ തീരുമാനം.
വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പോലീസ് , വിചാരണ കോടതി, പ്രോസിക്യൂഷൻ എന്നിവയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്.
Comments