ന്യൂഡൽഹി : കൊപ്രയുടെ താങ്ങുവില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. ക്യാബിനറ്റ് കമ്മിറ്റി ഓഫ് എക്കണോമിക് അഫയേഴ്സ് ആണ് കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ചതിന് അംഗീകാരം നൽകിയത്. ക്വിന്റലിന് 10,335 രൂപയിലേക്കാണ് താങ്ങുവില വർദ്ധിപ്പിച്ചത്. 2020 ലെ വിലയിൽ നിന്ന് 375 രൂപ കൂടുതലാണിത്.
12 സംസ്ഥാനങ്ങളിലെ കൃഷിക്കാർക്ക് ഇത് ഗുണകരമാകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. ലക്ഷക്കണക്കിന് കൃഷിക്കാർക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കർഷകർക്ക് വേണ്ടി കേന്ദ്രം നടപ്പിലാക്കുന്ന നിരവധി തീരുമാനങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വില ഉയർത്തുമ്പോൾ വ്യാപാര മേഖലയിൽ സ്വാഭാവികമായി വില ഉയരുമെന്നും ഇത് കർഷകർക്ക് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ കാർഷിക ബിൽ വന്നാൽ താങ്ങുവില എടുത്തുകളയുമെന്ന വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്നതിനിടയിലാണ് കൊപ്രയുടെ താങ്ങുവില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. കാർഷിക സമരവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പല ആരോപണങ്ങളും പൊള്ളയാണെന്ന് തെളിയിക്കുന്ന തീരുമാനമാണിത്.
Comments