മഞ്ഞു മൂടി കിടക്കുന്ന പ്രദേശം. അവിടെ 45 അടിയോളം ഉയരത്തിൽ നിൽക്കുന്ന അഗ്നിപർവ്വത രൂപത്തിലുള്ള ഹിമപർവ്വതം. അതിന്റെ മുകൾ ഭാഗത്ത് നിന്നും പുക പോലെ നീരാവി പ്രവഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ചിത്രമാണിത്. കസാക്കിസ്താനിലെ അൽമാട്ടിയിൽ പൊടുന്നനെ ഉയർന്ന മഞ്ഞ് അഗ്നി പർവ്വതമാണിത്.
കണ്ടാൽ മഞ്ഞു കൊണ്ട് രൂപപ്പെട്ട അഗ്നി പർവ്വതം പോലെയാണെങ്കിലും ഇത് പൊട്ടിത്തെറിക്കുകയോ ഇതിൽ നിന്നും ലാവ പ്രവഹിക്കുകയോ ചെയ്യില്ല. ഈ അപൂർവ്വ കാഴ്ച്ച കാണാനായി നിരവധി പേരാണ് പ്രദേശത്ത് എത്തുന്നത്. രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ തന്നെ ഉണർവ്വ് സൃഷ്ടിക്കാൻ ഈ ഹിമ പർവ്വതത്തിന് കഴിഞ്ഞു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ഒരു ഹിമ അഗ്നിപർവ്വതം അൽമാട്ടിയിൽ രൂപപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്ന് നോക്കാം.
വളരെയേറെ വൈവിധ്യമുള്ള കാലാവസ്ഥയാണ് കസാക്കിസ്താന്റേത്. മഞ്ഞു കാലത്ത് കൊടു തണുപ്പാണ് ഇവിടെ അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് അൽമാട്ടി തണുത്തുറഞ്ഞാണ് നിൽക്കുന്നതെങ്കിലും മേഖലയിലെ ചിലയിടങ്ങളിൽ ഉഷ്ണ ജലമുള്ള നദികൾ ഒഴുകുന്നുണ്ട്. ഇത്തരത്തിൽ ഒഴുകിയ ജലം മഞ്ഞിലുണ്ടായ ഗർത്തത്തിൽ കൂടി വലിയ ശക്തിയിൽ ചീറ്റിത്തെറിച്ച് പുറത്തേക്ക് വരികയും പുറത്തെ ശക്തമായ തണുപ്പിൽ ഇവ അഗ്നി പർവ്വതത്തിന്റെ രൂപമായി മാറുകയും ചെയ്തുവെണെന്നാണ് ഈ പ്രതിഭാസത്തിന് ശാസ്ത്രലോകം നൽകുന്ന വിശദീകരണം. ഐസ് വോൾക്കാനോയെന്ന് ഇവയെ വിളിക്കാറുണ്ടെങ്കിലും ഈ പ്രയോഗം തെറ്റാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
വടക്കൻ അമേരിക്കൻ തടാകങ്ങളായ മിഷിഗൻ, ഒന്റാരിയോ, ഈറി എന്നീ സ്ഥലങ്ങളിലെല്ലാം നേരത്തെ ഇത്തരത്തിലുള്ള മഞ്ഞ് അഗ്നി പർവ്വതങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അഗ്നി പർവ്വതങ്ങളുടേതിന് സമാനമായി വലിയ ഗർത്തവും അതിൽ നിന്നും നീരാവി പുറന്തള്ളുന്നതും ഇതാദ്യമായാണെന്നാണ് ഗവേഷകർ പറയുന്നത്.
കാണാൻ ഭംഗിയൊക്കെ ഉണ്ടെങ്കിലും ഇവയ്ക്ക് ചെറിയ ഒരു അപകട സാധ്യതയുണ്ട്. കൗതുകവും ആകാംഷയും കാരണം ഹിമ അഗ്നി പർവ്വതത്തിൽ വലിഞ്ഞു കയറാൻ ചിലർ ശ്രമിക്കാറുണ്ട്. ഇത് അപകടമേറിയ ഒന്നാണ്. രൂപപ്പെടുന്നത് പോലെ തന്നെ ഇവ നശിക്കാനും അധിക സമയമൊന്നു വേണ്ട. മാത്രമല്ല അഗ്നി പർവ്വതത്തിന്റെ ഗർത്തത്തിലൂടെ നദിയിലോ തടാകത്തിലോ പെട്ട് പോയാൽ രക്ഷിച്ചെടുക്കാനും പ്രയാസമാണ്. അതിനാൽ തന്നെ ഹിമ അഗ്നി പർവ്വതത്തിന്റെ ഭംഗി അൽപം അകലെ നിന്നും ആസ്വദിക്കുന്നതായിരിക്കും നല്ലത്.
Comments