ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാനും ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനും കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഡിജിറ്റല്‍ ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
എത്ര മന്ത്രിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണെന്ന് യോഗത്തില്‍ ചോദിച്ച പ്രധാനമന്ത്രി, യുവാക്കളുടെ ഏറ്റവും വലിയ സാന്നിധ്യമുള്ള വേദികളിലൊന്നാണ് ഇന്‍സ്റ്റഗ്രാമെന്ന് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും പങ്കുവെക്കുന്നതിനൊപ്പം, വ്യത്യസ്തമായ ഉള്ളടക്കങ്ങളിലൂടെ യുവാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ചെറുപ്പക്കാരിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ റീലുകള്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രമല്ല, ജനങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ തയ്യാറാക്കാനും അദ്ദേഹം മന്ത്രിമാരെ പ്രോത്സാഹിപ്പിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍സ്റ്റഗ്രാമില്‍ ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചിരുന്നു. ഡിജിറ്റല്‍ ആശയവിനിമയത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. അന്താരാഷ്‌ട്ര വേദികളിലും പൊതുയോഗങ്ങളിലും പതിവായി ഉപയോഗിക്കുന്ന ‘സുഹൃത്തുക്കളേ’ എന്ന അഭിസംബോധനയോടെയാണ് പ്രധാനമന്ത്രി വീഡിയോ ആരംഭിച്ചത്.















