ന്യൂഡൽഹി: കർഷകസമരത്തെ അനുകൂലിച്ച് ഗ്രെറ്റ തുൻബർഗ് പോസ്റ്റ് ചെയ്ത ടൂൾക്കിറ്റ് ആസൂത്രണം സംബന്ധിച്ച് നിർണ്ണായക തെളിവുകളാണ് ഡൽഹി പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൂൾകിറ്റ് പ്രചരിപ്പിച്ചത് രാജ്യത്തെ അപകീർത്തിപ്പെടുത്താനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.
ടൂൾകിറ്റ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് തങ്ങൾക്കെതിരെ യുഎപിഎ ചുമത്തിയേക്കുമെന്ന് ദിഷ രവി ഭയന്നിരുന്നു. കാർഷികസമരത്തിന് അനുകൂലമായി ടൂൾകിറ്റ് ഉണ്ടാക്കുന്നതിന് വാട്‌സാപ്പിലൂടെയാണ് ദിഷയും ഗ്രെറ്റ തുൻബർഗും ചർച്ച നടത്തിയത്. ഈ വാട്സ്ആപ്പ് ചാറ്റുകൾ ഡൽഹി പോലീസിന് ലഭിച്ചിട്ടുണ്ട്. വളരെ നിർണ്ണായകമായ തെളിവായാണ് ഇതിനെ പോലീസ് വിലയിരുത്തുന്നത്.
ദിഷ അയച്ചുകൊടുത്ത ടൂൾകിറ്റ് അബദ്ധത്തിൽ ഗ്രെറ്റ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തതാണ് സംഭവം വിവാദമാകാൻ കാരണമായത്. തുടർന്ന് എത്രയും വേഗം അത് പിൻവലിക്കാൻ ദിഷ വാട്‌സാപ്പ് ചാറ്റിലൂടെ ഗ്രെറ്റയോട് ആവശ്യപ്പെടുകയായിരുന്നു. ടൂൾകിറ്റ് പോസ്റ്റ് ചെയ്തതിലൂടെ തന്റെ കാര്യം കുഴപ്പത്തിലാകുമെന്ന് ദിഷ മനസ്സിലാക്കിയതായി പോലീസ് എടുത്തു പറയുന്നുണ്ട്. ടൂൾകിറ്റ് പോസ്റ്റ് ചെയ്തത് വിവാദമായപ്പോൾ തന്നെ തങ്ങൾക്കെതിരെ യുഎപിഎ ചുമത്തിയേക്കാം എന്ന് ദിഷ ഗ്രെറ്റയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്.
ടൂൾകിറ്റിലൂടെ വൻ പ്രചാരണം അഴിച്ചുവിടാനും അതിലൂടെ ഇന്ത്യയുടെ അന്താരാഷ്‌ട്ര തലത്തിലെ പ്രതിച്ഛായ തകർക്കാനുമായിരുന്നു ഇവരുടെ തീരുമാനമെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്. ബംഗളൂരു സ്വദേശിയായ ദിഷ രവിയും മലയാളിയും മുംബൈ ഹൈക്കോടതി അഭിഭാഷകയുമായ നികിത ജേക്കബും പൂനെ സ്വദേശിയായ എഞ്ചിനീയർ ശന്തനുവുമാണ് ടൂൾകിറ്റ് സൃഷ്‌ടിച്ചതെന്നാണ് പോലീസ് പറയുന്നത്.
റിപബ്ളിക് ദിനത്തിൽ ട്വിറ്ററിൽ വൻ പ്രചരണം നടത്താൻ ഖാലിസ്ഥാൻ സംഘടനകളുമായി ചേർന്ന് ഇവർ സൂം കോൺഫ്രൻസ് നടത്തിയതായും ഡൽഹി പോലീസ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും സൂം ആപ്പിനോട് ഡൽഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
















Comments