ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പാർട്ടി അണികൾക്ക് നിർദ്ദേശവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജയപ്രകാശ് നദ്ദ. കരുത്തുറ്റ മണ്ഡലങ്ങളാണ് പാർട്ടിയുടെ ജയം നിർണ്ണയിക്കുന്നതെന്നും അതിനായി നന്നായി പ്രവർത്തിക്കുന്ന ബൂത്തുകളാണ് സജ്ജമാക്കേണ്ടതെന്നും നദ്ദ പറഞ്ഞു. ബൂത്തുകളിലെ പ്രവർത്തകരിൽ നിന്നും വോട്ടേഴ്സ് ലിസ്റ്റിന്റെ ഓരോ പേജിനും ഒരു ചുമതലക്കാരനുണ്ടാകുമ്പോൾ മാത്രമേ ജനമനസ്സ് തിരിച്ചറിയാനാകൂവെന്നും നദ്ദ ഓർമ്മിപ്പിച്ചു.
ഒരു വർഷത്തിനിടെ ഈ മൂന്ന് സംവിധാനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തയ്യാറാക്കണമെന്ന നിർദ്ദേശമാണ് നദ്ദ സംസ്ഥാന അദ്ധ്യക്ഷന്മാർക്ക് നൽകിയത്. പ്രധാനമന്ത്രിയുടെ മൻ കീ ബാത് ഒരുമിച്ചിരുന്ന് കേൾക്കണം. എല്ലാ ജനങ്ങളേയും കോർത്തിണക്കാൻ വാട്സ് ആപ് ഗ്രൂപ്പുകളും ബൂത്ത് തലത്തിൽ നിർബന്ധമാക്കണമെന്നും നദ്ദ ഓർമ്മിപ്പിച്ചു. എല്ലാ ബൂത്തിലും ദേശീയ ദിനങ്ങളുടെ ആഘോഷം നടക്കണമെന്നും നദ്ദ പറഞ്ഞു. ഏപ്രിൽ 14ന് അംബേദ്ക്കർ ജയന്തിയും സെപ്തംബർ 14ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന് സേവാ സപ്താഹവും ജനജാഗരണത്തിന് ഉപയോഗിക്കണമെന്നും നദ്ദ വ്യക്തമാക്കി.
ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ഭാരതീയ ജനതാപാർട്ടി ശക്തമായ മുന്നേറ്റം നടത്തും. പല സംസ്ഥാനങ്ങളിലും ഭരണത്തിലേറുമെന്നും നദ്ദ പറഞ്ഞു. പശ്ചിമബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തകർക്കാണ് പാർട്ടി അദ്ധ്യക്ഷന്റെ നിർദ്ദേശം. എല്ലാ നിയോജക മണ്ഡലങ്ങളും സ്വയം പര്യാപ്തമാകണം. എല്ലാ വാർഡുകളിലേയും ബൂത്തുകൾ സജീവ പ്രവർത്തന കേന്ദ്രങ്ങളാക ണമെന്നും നദ്ദ പറഞ്ഞു. എല്ലാ നിർദ്ദേശങ്ങളും മുകളിൽ നിന്നും ലഭിക്കാതെ തന്നെ താഴെതട്ടിൽ നടപ്പാക്കാൻ കഴിയുമ്പോഴാണ് ജനകീയ ശക്തി ഉണരുകയുള്ളുവെന്നും നദ്ദ പറഞ്ഞു.
Comments