മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ കലാസംവിധാന പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ബറോസിൽ അഭിനയിക്കുന്ന മുതിർന്ന താരം പ്രതാപ് പോത്തൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലെ ഒരു കഥാപാത്രത്തിന്റെ കൺസെപ്റ്റ് ഡിസൈനാണ് ചർച്ചയാകുന്നത്.
ചിത്രത്തിൽ പ്രത്യേക രൂപമുള്ള ഈ കഥാപാത്രത്തിന്റെ കൺസെപ്റ്റ് രൂപം മോഹൻലാലിന്റെ കൈയ്യിലാണ് ഇരിക്കുന്നത്. ആളുകളെ പേടിപ്പിക്കുന്ന രൂപമാണ് കഥാപാത്രത്തിന്റേത്. സിനിമയിലെ പ്രധാന കഥാപാത്രം ഈ രൂപത്തിലായിരിക്കും എത്തുക എന്നാണ് സൂചന. മോഹൻലാൽ തന്നെയാണോ ഈ കഥാപാത്രമായി എത്തുന്നത് എന്നതും ആരാധകരുടെ ആകാംഷ വർദ്ധിപ്പിക്കുന്നു.
അതേസമയം ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസും പ്രതാപ് പോത്തനും അടക്കമുള്ളവർ മോഹൻലാലിനൊപ്പം ചെന്നൈയിലുണ്ട്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകൾ.
പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വർഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാർത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
സ്പാനിഷ് അഭിനേത്രി പാസ് വേദ, നടൻ റഫേൽ അമാർഗോ എന്നിവർ ചിത്രത്തിലുണ്ട്. വാസ്കോ ഡഗാമയുടെ റോളിലാണ് റഫേലെത്തുന്നത്. വാസ്കോ ഡാ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ എത്തുന്നത്. മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
Comments