ലേ: ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമാകുന്നു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അനുമതി നല്കി. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയുടെ ഇടപെടലിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് ഇതോടെ വഴിയൊരുങ്ങി. അക്കാദമിക് ആവശ്യങ്ങള്‍ക്കനുസരിച്ച് ഘട്ടംഘട്ടമായി 103 സ്ഥിരം തസ്തികകളിലേക്ക് നിയമനം നടത്താനും അനുമതിയായിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ലഡാക്കില്‍ തന്നെ ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസം നേടണമെന്ന വിദ്യാര്‍ഥികളുടെയും പ്രദേശവാസികളുടെയും ദീര്‍ഘകാലത്തെ ആഗ്രഹം സഫലമാക്കുന്നതിലെ നിര്‍ണായക ചുവടുവയ്പ്പാണിത്. പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതോടെ മെഡിക്കല്‍ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. കൂടാതെ, ക്ലിനിക്കല്‍ പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലഡാക്കിലെ ആരോഗ്യ സേവനങ്ങളുടെ ദീര്‍ഘകാല വികസനത്തിനും മെഡിക്കല്‍ കോളജ് സഹായകമാകും. പ്രദേശത്തെ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ണായകമാകും.















