ഇരുട്ടില്‍ മിന്നി തിളങ്ങുന്ന മിന്നാമിനുങ്ങുകളെ നാമെല്ലാവരും കണ്ടിട്ടുണ്ട് എന്നാല്‍ ഇരുട്ടത്ത് മിന്നിത്തിളങ്ങുന്ന സ്രാവുകളെ കുറിച്ച് അധികമാരും തന്നെ കേള്‍ക്കാന്‍ പോലും വഴിയില്ല. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ കിഴക്കന്‍ തീരത്തുള്ള ചാഥാം റൈസ് എന്ന മേഖലയില്‍ നിന്നും ഇരുട്ടത്ത് തിളങ്ങുന്ന സ്രാവുകളെ ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്നു കണ്ടെത്തി. കൈറ്റ് ഫിന് എന്നാണ് ഇവ അറിയപ്പെടുന്നത്.
ആറടിയോളം നീളം വരുന്ന ഈ വമ്പന്‍ സ്രാവുകളുടെ ശാസ്ത്രനാമം ഡലാറ്റിയാസ് ലിച്ച എന്നാണ്. കൂടാതെ സീല്‍ ഷാര്‍ക്ക് എന്നും ഇവ അറിയപ്പെടുന്നു. ബെല്‍ജിയത്തിലെ കത്തോലിക്ക് യൂണിവേഴ്സിറ്റി, ന്യൂസിലാന്‍ഡിലെ വാട്ടര്‍ ആന്‍ഡ് അറ്റ്മോസ്ഫറിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുളള സംയുക്ത ഗവേഷണം സംഘമാണ് ഈ വമ്പന്‍ സ്രാവുകളെ കണ്ടെത്തിയത്.
ഇവയെ കൂടാതെ ബ്ലാക്ക് ബെല്ലി, ലാന്റേണ്‍ ഷാര്‍ക്ക് തുടങ്ങിയ പുതിയ ഇനം സ്രാവുകളെയും ഈ ശാസ്ത്ര സംഘം കണ്ടെത്തിയിട്ടുണ്ട്. തണുത്ത പ്രകാശം എന്ന് അറിയപ്പെടുന്ന ബയോലൂമിനന്സ് എന്ന പ്രതിഭാസമാണ് സ്രാവുകളുടെ ശരീരത്തില്‍ നിന്നും ഇത്തരത്തില്‍ പ്രകാശം പുറപ്പെടുന്നതിന് പിന്നിലെ കാരണം. ഇവയുടെ ശരീരത്തില്‍ ലൂസിഫെറിന് എന്ന രാസസംയുക്തത്തില്‍ നടക്കുന്ന പ്രക്രിയകളാണ് ഈ പ്രകാശത്തിന് വഴിയൊരുക്കുന്നത്.
പ്രധാനമായും ഇരകളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് സ്രാവുകള്‍ ഈ പ്രകാശം ഉപയോഗിക്കുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇവയ്ക്ക് വേഗത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രകാശം പുറപ്പെടുവിക്കുമ്പോള്‍ ഇരകള്‍ ആകര്‍ഷിക്കപ്പെടുന്നു. ചെറുമത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം. കൂടാതെ വലിയ മത്സ്യങ്ങളെയും അകത്താക്കാൻ ഇവയ്ക്ക് ഒരു പേടിയുമില്ല. ഒറ്റയ്ക്ക് വേട്ടയാടുന്ന ഇവയുടെ ഉയര്‍ന്ന പല്ലുകളുടെ ശക്തി വളരെ കൂടുതലാണ്. കൂടുതലായും ഉഷ്ണ മേഖലകളിലാണ് ഇവ കാണപ്പെടുന്നത്.
Comments