തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. നേരത്തെ കേസ് സിബിഐയ്‌ക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് ഏറ്റെടുക്കാമെന്ന് സിബിഐയും അറിയിച്ചു. ജസ്‌നയുടെ സഹോദരൻ ജെയ്‌സാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഇത് പരിഗണിച്ച കോടതി ഫെബ്രുവരി 19ന് കേസ് സിബിഐയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടു.
ജസ്‌ന തിരോധാനക്കേസിൽ സാദ്ധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മറ്റൊരു ഏജൻസി അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും കോടതിയിൽ സർക്കാർ പറഞ്ഞിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.
2018, മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ ജെസ്‌ന ജെയിംസിനെ കാണാതായത്. തുടർന്ന് ജെസ്‌നയ്‌ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. എരുമേലി വരെ ജസ്‌ന പോയതായി സിസിടിവി ദൃശ്യങ്ങളും ലഭ്യമായിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Comments