വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സമീപകാലത്ത് ഇന്ത്യൻ വംശജരെക്കുറിച്ച് പറഞ്ഞ വാക്കുകൾ നല്ല അർത്ഥത്തിലെന്ന് വൈറ്റ് ഹൗസ്. നാസയുടെ പെർസെവിറൻസ് വിജയത്തിന് ശേഷം നടന്ന അഭിനന്ദന പരിപാടി യിലാണ് ഇന്ത്യൻ വംശജർ അമേരിക്ക കീഴടക്കുന്നു എന്ന അർത്ഥത്തിൽ ബൈഡൻ സംസാരിച്ചത്. പരാമർശം ഇന്ത്യൻ വംശജർക്കെതിരാണെന്ന തരത്തിലെ ചർച്ചകളെ വൈറ്റ് ഹൗസ് തള്ളി. മഹത്തായ സേവനങ്ങൾ നൽകിക്കൊണ്ടി രിക്കുന്ന ഇന്ത്യൻ വംശജരെ അഭിനന്ദിക്കുകയാണ് ബൈഡൻ ചെയ്തതെന്നും വിശദീകരണത്തിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്സ് സെക്രട്ടറി ജെൻ സാക്കിയാണ് ഇന്ത്യൻ വംശജരെ പരാമർശിച്ച പ്രസ്താവനയുടെ ഉദ്ദേശശുദ്ധി വിശദീകരിച്ചത്. അമേരിക്ക ലോകജനതക്കിടം നൽകിയ വലിയൊരു രാജ്യമാണ്. അതിലെ ഏറ്റവുമധികം ഇടകലർന്നു ജീവിച്ചുകൊണ്ട് രാജ്യത്തിന് അഭിമാനമായ നേട്ടങ്ങൾ നൽകുന്നവരാണ് ഇന്ത്യൻ വംശജരെന്നും സാക്കി വിശദീകരിച്ചു.
നാസയുടെ സംഘത്തെ അഭിനന്ദിക്കുകയാണ് പ്രസിഡന്റ് ചെയ്തത്. അതിന് ചുക്കാൻ പിടിച്ച ഇന്ത്യൻ വംശജ സ്വാതി മോഹനെ പരാമർശിച്ചതോടൊപ്പം വൈസ്പ്രസിഡന്റ് കമലാ ഹാരിസിനേയും മറ്റ് ഇന്ത്യൻ വംശജരേയും ബൈഡൻ എടുത്തുപറഞ്ഞതും സാക്കി ഓർമ്മിപ്പിച്ചു. തന്റെ മനസ്സിലെ ഇന്ത്യൻ സമൂഹത്തോടുള്ള വിശ്വാസവും അഭിമാനവുമാണ് പ്രസിഡന്റ് പങ്കുവെച്ചതെന്നും സാക്കി പറഞ്ഞു.
അമേരിക്കയിലേക്ക് എത്തിയ ഇന്ത്യൻ വംശജരുടെ കുടിയേറ്റ വിഷയത്തിലെ ബൈഡനുള്ള അതൃപ്തിയായിരിക്കാം ഇന്ത്യൻ വംശജർ അമേരിക്ക കീഴടക്കുന്നു എന്ന് തോന്നിക്കുന്ന വാക്കുകളിലൂടെ പ്രകടിപ്പിച്ചതെന്ന ചർച്ച വ്യാപകമായിരുന്നു. തുടർന്നാണ് വൈറ്റ് ഹൗസിൽ പ്രസിഡന്റിന്റെ പ്രസ്സ് സെക്രട്ടറി വിശദീകരണം നൽകിയത്.
Comments