മംഗളൂരു: അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ നിർമ്മിത സിഗരറ്റുകളുമായി കാസർകോഡ് സ്വദേശിയായ യുവതി പിടിയിൽ. മംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് സമീറ മുഹമ്മദ് അലിയ പിടിയിലായത്. 1.10 കോടി രൂപയുടെ സ്വർണവും വിദേശ നിർമ്മിത സിഗരറ്റുമാണ് യുവതിയിൽ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.
വിമാനമിറങ്ങി വന്ന സമീറയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് ശരീര പരിശോധന നടത്തിയത്. സാനിറ്ററി പാഡുകളിലും സോക്സുകളിലുമായാണ് സമീറ സ്വർണം ഒളിപ്പിച്ചിരുന്നത്. ആദ്യം ഇവ ഉപേക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിടികൂടിയ സ്വർണത്തിന് 1.10 കോടി രൂപ വിലവരും.
2.41 കിലോഗ്രാം സ്വർണമാണ് സമീറയിൽ നിന്നും പിടിച്ചെടുത്തത്. വിദേശ നിർമിത സിഗററ്റുകളും പിടികൂടിയിട്ടുണ്ട്. സ്വർണ കടത്തിന് പിന്നിൽ വലിയ സംഘം തന്നെയുണ്ടെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഐആർഎസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. കപിൽ ഗേഡ്, പ്രീതി സുമ, രാകേഷ് കുമാർ, ക്ഷിതി നായക് എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരിയെ പിടികൂടിയത്.
Comments