തിരുവനന്തപുരം: രാജിവച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും. ലതിക സുഭാഷ് തന്നോടൊപ്പം നില്ക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം വൈകിട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇന്ന് തുടക്കം കുറിക്കും. കോണ്‍ഗ്രസ് ഇനി സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രവര്ത്തിപ്പിക്കാത്തവരെ കൊണ്ടു വന്നത് കാര്യമില്ലെന്നും, വൈപ്പിന്‍ കിട്ടിയാലും മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്നും ലതിക സുഭാഷ് കോട്ടയത്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ എടുത്തില്ല. സ്ത്രീകള്‍ക്ക് വേണ്ടിയാണ് മുന്നോട്ട് പോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ട് കൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ട്. ഏറ്റുമാനൂരില്‍ ജയിക്കാനാകും എന്നാണ് പ്രതീക്ഷ. ഇതിന് മുന്‍പും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജയിച്ച മണ്ഡലമാണ് ഏറ്റുമാനൂര്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലതിക സുഭാഷിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ലതിക സുഭാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലതിക സുഭാഷിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തവര്‍ക്ക് പാര്‍ട്ടിയില്‍ മറ്റ് അവസരങ്ങളുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ലതിക സുഭാഷിന്റെ നടപടിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമാനൂരിന് പകരം മറ്റൊരു സീറ്റ് നല്കാന് തയ്യാറായിരുന്നു. ഏറ്റുമാനൂര്‍ തന്നെ വേണമെന്ന് പറഞ്ഞത് ലതിക സുഭാഷ് ആണെന്നും നേതൃത്വം പറയുന്നു.
Comments