ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാന്യമേറിയതെന്ന് സുപ്രീം കോടതി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലസംഭരണം സംബന്ധിച്ച വിവരങ്ങൾ മേൽന്നോട്ട സമിതിയ്ക്ക് നൽകാൻ തമിഴ്നാട് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 22ന് കേസ് വീണ്ടും പരിഗണിക്കും.
അണക്കെട്ടിന്റെ റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നീ കാര്യങ്ങളിൽ ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. മേൽനോട്ട സമിതി ഉത്തരവാദിത്വങ്ങൾ ഉപസമിതിയ്ക്ക് കൈമാറിയെന്ന ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇടക്കാല നിർദ്ദേശം നൽകിയത്.
അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രദേശികമായി പ്രവർത്തിക്കുന്ന എഞ്ചിനീയർമാർ ഉൾപ്പെടുന്ന ഉപസമിതിയ്ക്ക് രൂപം നൽകിയത്. ഉപസമിതി രൂപീകരണം ഭരണഘടന ബെഞ്ചിന്റെ വിധി അല്ലെന്ന് കേന്ദ്ര ജല കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രളയവും ഭൂചലനവും അതിജീവിക്കാൻ അണക്കെട്ട് പ്രാപ്തമാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
Comments