മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ രത്നഗിരിജില്ലയിലെ വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഫാക്ടറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികളെ അഗ്നിശമന സേനയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപെടുത്തി. എഴുപതോളം പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബോയിലറിലുണ്ടായ സ്ഫോടനമാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എംഐഡിസി പ്രദേശത്ത് ഇത്തരത്തിലുള്ള ആറാമത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ടുകൾ.
Comments