കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയിൽ. ഇഡിയ്ക്കെതിരായ കേസിൽ സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇഡി അറിയാതെയെന്ന് കോടതിയിൽ അറിയിച്ചു. ചോദ്യം ചെയ്യാൻ കോടതിയിൽ അനുമതി വാങ്ങിയത് തങ്ങളുടെ വിശദീകരണം കേൾക്കാതെയാണ്. കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നും ഇഡി പറഞ്ഞു.
മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന പരാതിയിലാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. എന്നാൽ ഇഡിയെ അറിയിക്കാതെയുള്ള ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ നടപടി സംശയാസ്പദമാണ്. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് നൽകിയില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. കേസിൽ എട്ട് വരെ അന്വേഷണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചിരുന്നു.
അതേസമയം ക്രൈംബ്രാഞ്ചിന്റെ കേസ് നിയമപരമല്ലെന്ന് കഴിഞ്ഞ ദിവസം ഇഡി ഹൈക്കോടതിയിൽ വാദിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ ഇഡിയുടെ അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പോലീസ് തീരുമാനിക്കുന്നു എന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇത്തരം അന്വേഷണം തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഇത് അനുവദിച്ച് കൊടുക്കരുതെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
Comments