ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗോത്രസമൂഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിനെ അനുസ്മരിച്ച് പ്രധാനമന്ത്രി. ഒഡീഷയിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ സംഭാവനകളാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. വിദേശ അടിമത്ത ഭരണത്തെ കശക്കി എറിയുന്നതിൽ ഗോത്രവർഗ്ഗ സമൂഹം നടത്തിയ വീരബലിദാനങ്ങളേയും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.
‘ഒഡീഷയിലെ ഗോത്രസമൂഹത്തിന്റെ ധീരമായ ചെറുത്തുനിൽപ്പുകളെ ആർക്കാണ് മറക്കാൻ സാധിക്കുക. അവർ സ്വന്തം ധീരതയാലും ദേശസ്നേഹത്താലുമാണ് വൈദേശിക ശക്തികളുടെ ഉറക്കം കെടുത്തിയത്.’ നരേന്ദ്രമോദി പറഞ്ഞു. ഡോ.ഹരേകൃഷ്ണ മഹാതാബ് രചിച്ച ഒഡീഷയുടെ ഇതിഹാസം എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഓർമ്മിപ്പിച്ചത്.
ഗോത്രവർഗ്ഗ സമൂഹത്തിലെ ധീരനായ നേതാവായിരുന്ന ലക്ഷ്മൺ നായകിനെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ധീരനായ നേതാവായിരുന്നു അദ്ദേഹമെന്നും നരേന്ദ്രമോദി പറഞ്ഞു. പൈക വിപ്ലവം, ഗൻജാം പ്രക്ഷോഭം, കോൾ ലഹള, സംഭാൽപൂർ മുന്നേറ്റം എന്നിങ്ങനെ ചരിത്രത്തിലറിയപ്പെടുന്ന ഒഡീഷയിലെ മണ്ണിൽ നടന്ന പോരാട്ടങ്ങൾ ഇന്ത്യക്കെന്നും സ്വാതന്ത്ര്യസമരത്തിന് പുതു ഊർജ്ജം പകർന്നവയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments