ഒരു വ്യക്തിയെ പൂര്‍ണമായി തിരിച്ചറിയുന്നതിനാണ് അയാളുടെ പേരും മേല്‍വിലാസവും. എന്നാല്‍ ഇവ രണ്ടും ഒരു പോലെയുള്ള രണ്ടു പേരുണ്ടെങ്കിലോ… സംഗതി കുറച്ചു പ്രശ്നമാണ്. അതിലൊരാള്‍ നാട്ടില്‍ നല്ല പേരുള്ള വ്യക്തിയും മറ്റേയാള്‍ നാട്ടില്‍ അല്പം ചീത്ത പേരുള്ള വ്യക്തിയും ആണെങ്കില്‍ പിന്നത്തെ കാര്യം പറയുകയും വേണ്ട. കേള്‍ക്കുമ്പോള്‍ ഇതൊരു സിനിമ കഥയാണോ എന്ന് തോന്നും. എന്നാല്‍ ഇത് സിനിമയല്ല ജീവിതമാണ്. മലപ്പുറം കരുവാരക്കുണ്ട് നിവാസികളായ രണ്ടു പേരാണ് ഒരേ പേരിലും മേല്‍വിലാസത്തിലും ഉള്ളത്. രണ്ടുപേരുടെയും പേര് അബൂബക്കര്‍. ഒരാള്‍ പൊതുപ്രവര്ത്തകന് മറ്റേയാള്‍ അത്യാവശ്യം ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയും.
ഇതോടെ പൊതുപ്രവര്‍ത്തകനായ പാവം അബൂബക്കറെ ഇതുവരെ തേടിയെത്തിയത് നാല് അറസ്റ്റ് വാറണ്ടും അഞ്ച് സമന്‍സുമാണ്. പേര് അബൂബക്കര്‍, പിതാവിന്റെ പേര് മുഹമ്മദ്, വീട്ടു പേര് ഓട്ടുപാറ, പോസ്റ്റ് ഓഫീസ് തരിശ്, മലപ്പുറം. ഈ പേരും അഡ്രസ്സുമാണ് അബൂബക്കറിനെ പ്രശ്നത്തിലാക്കിയത്. സത്യാവസ്ഥ എത്ര പറഞ്ഞിട്ടും പോലീസുകാര്‍ കൈമലര്‍ത്തി. അവസാനം വില്ലനായ അബൂബക്കറിനെ പാവം അബൂബക്കര്‍ തന്നെ പോലീസിന് കാണിച്ചു കൊടുത്തു. എന്നിട്ടും ഇതില്‍ നിന്നും മോചനമില്ല. നാട് നീളെ ചീത്തപ്പേരായതോടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വരെ പരാതി നല്കി.
എന്നിട്ടും പോലീസ് തേടിയെത്തുന്നതിനാല്‍ ഏറെ പ്രശ്നത്തിലാണ് അബൂബക്കര്‍. ഈ പ്രതിസന്ധിയില്‍ പെട്ട് പന്ത്രണ്ട് വര്‍ഷത്തോളമായി നെട്ടോട്ടമൊടുകയാണ് അബൂബക്കര്‍. ഇതുവരെ നാടിനു വേണ്ടി നല്ല കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഒരു തരത്തിലുള്ള ബുദ്ധിമുട്ടും തന്നെ കൊണ്ട് ആര്‍ക്കും ഉണ്ടായിട്ടില്ല എന്നിട്ടും ഒരു കുറ്റവും ചെയ്യാതെ പോലീസ് ഉദ്യോഗസ്ഥര്‍ മാറിമാറി വരുന്നതിനനുസരിച്ച് അവര്‍ അബൂബക്കറിനെ തേടിയെത്തുന്നു. ഓരോരുത്തരോടും സത്യാവസ്ഥ ബോധിപ്പിക്കാന്‍ പാടുപെടുകയാണ് ഈ പാവം.
Comments