ന്യൂഡല്‍ഹി: കൊറോണ കാലത്തെ മഹാദുരന്തത്തിലും കര്ത്തവ്യനിഷ്ഠയില് പ്രകാശം ചൊരിഞ്ഞ് പോലീസുദ്യോഗസ്ഥന്. അതിതീവ്ര കൊറോണ വ്യാപനം നടക്കുന്ന രാജ്യതലസ്ഥാന നഗരത്തിലാണ് ലോധി ശ്മശാന ദൗത്യം ഏറ്റെടുത്തിരിക്കുന്ന രാകേഷ് കുമാര്‍ വ്യത്യസ്തനാകുന്നത്. അനാഥരായി മരിക്കുന്ന കൊറോണ രോഗികളുടെ മൃതശരീര ങ്ങളേറ്റെടുത്ത് ദഹിപ്പിക്കുന്ന പോലീസ് സംഘത്തിന്റെ പ്രധാന ചുമതലക്കാരനാണ് രാകേഷ് കുമാര്‍. ഇതുപതു ദിവസമായി ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിക്കുന്ന രാകേഷ് തന്റെ സേവനം തടസ്സപ്പെടാതിരിക്കാന്‍ സ്വന്തം മകളുടെ വിവാഹം പോലും മാറ്റിവെച്ചു.
നേരിട്ട് ശവസംസ്കാര ക്രിയകള്് നടത്തിയത് 50 പേരുടെയാണെങ്കിലും ആകെ 1100 മൃതശരീരങ്ങള്‍ ശ്മശാനത്തിലെത്തിക്കാനും ചടങ്ങുകള്‍ നടത്തി സംസ്കാരം പൂര്‍ത്തിയാക്കാനും രാകേഷ് ഏറെ ശ്രദ്ധിച്ചതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവ സാക്ഷ്യപ്പെടുത്തുന്നു.
മെയ് മാസം 7-ാം തീയതിയാണ് ഹസ്രത് നിസ്സാമുദ്ദീന്‍ സ്റ്റേഷനിലേക്ക് രാകേഷിനെ സ്ഥലം മാറ്റുന്നത്. കൊറോണ ഡ്യൂട്ടിയാണെന്ന് തിരിച്ചറിഞ്ഞ രാകേഷ് ഈ മാസം നടത്താനിരുന്ന മകളുടെ വിവാഹം മാറ്റിവെച്ചിരിക്കുകയാണ്. രണ്ടു ഘട്ട വാക്സിനേഷനുകളും എടുത്തെങ്കിലും താന്‍ ചെയ്യേണ്ട കടമ നിലവില്‍ അശരണരായ രോഗികള്‍ക്കും അനാഥരായി മരണപ്പെടുന്നവര്‍ക്കും താങ്ങാവുക എന്നതാണെന്നും രാകേഷ് പറയുന്നു. പോലീസ് കമ്മീഷണര്‍ രാകേഷിന്റെ പ്രവര്‍ത്തനങ്ങളെ പോലീസ് സേനയ്ക്ക് മൊത്തം അഭിമാനമാണെന്ന് കാണിച്ചുകൊണ്ട് ട്വീറ്റ്ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ലെഫ്.ഗവര്‍ണര്‍ എന്നിവര്‍ക്കെല്ലാം പോലീസുദ്യോഗസ്ഥന്റെ മാതൃപ്രവര്ത്തനം വിശദീകരിച്ചുകൊണ്ടുള്ള സന്ദേശമയ്ക്കാനും ശ്രീവാസ്തവ മറന്നില്ല.
Comments