മുംബൈ: രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻനാശംവിതച്ച ടൗട്ടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനം നാവിക സേന അവസാനിപ്പിച്ചു. രക്ഷാ രംഗത്തും തിരച്ചിലിനുമായി നിയോഗിക്കപ്പെട്ട ആറ് നാവികസേനാ കപ്പലുകളാണ് അറബിക്കടലിൽ നിന്നും തുറമുഖങ്ങളിലേക്ക് തിരികെ എത്തിയത്. ഐ.എൻ.എസ്.കൊച്ചി, കൊൽക്കത്ത, ബെത്വാ, ബിയാസ്, തേജ്, തൽവാർ എന്നീ കപ്പലുകളാണ് ആഴക്കടലിൽ അപകടത്തിൽപെട്ടവരെ രക്ഷിക്കാനായി നിയോഗിക്കപ്പെട്ടത്.
ബാർജ്ജ് ദുരന്തത്തിലെ 188 പേരെ രക്ഷിച്ച നാവികസേന 70 പേരുടെ മൃതശരീരവും കണ്ടെത്തി. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ ദൂരത്താണ് ബാർജ്ജ് ദുരന്തമുണ്ടായത്. ഇതിനിടെ ഐ.എൻ.എസ്.മകറും തരാസയും തിരച്ചിലിനിറങ്ങിയിരുന്നു. ഇരു കപ്പലുകളേയും തിരികെ വിളിപ്പിച്ചു. നാവികസേനയുടെ മറ്റൊരു കപ്പലായ സുഭദ്രയോട് കടലിൽ തുടരാനാണ് നിർദ്ദേശം. കടൽ ശാന്തമായതിനാൽ തീരരക്ഷാ സേന തിരച്ചിൽ തുടരുമെന്നും നാവികസേന അറിയിച്ചു.
Comments