വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടാൻ ഇന്ത്യ തയ്യാർ: മൻ കി ബാത്തിൽ പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടാൻ ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയേയും ചുഴലിക്കാറ്റിനേയും രാജ്യം ശക്തമായി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രകൃതി ദുരന്തങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തിയ പോരാളികളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യ സംയമനത്തോടെയാണ് വെല്ലുവിളികളെ നേരിടുന്നത്. രാജ്യം സർവശക്തിയും ഉപയോഗിച്ച് വെല്ലുവിളികൾക്കെതിരെ പോരാടും. പത്ത് ദിവസത്തിനിടെ രാജ്യം രണ്ട് ചുഴലിക്കാറ്റിനെയാണ് നേരിട്ടത്. സായുധസേനയുടെ സേവനം പ്രശംസനീയമാണ്. ദുരന്തങ്ങളിൽ ജീവഹാനി പരമാവധി കുറയ്‌ക്കാനായെന്നും ചുഴലിക്കാറ്റിൽ നഷ്ടം സംഭവിച്ചവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ മഹാമാരി നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയുടെ രണ്ടാം തരംഗത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഓക്‌സിജൻ ക്ഷാമം ആയിരുന്നു. എങ്കിലും അതിനേയും രാജ്യം കൂട്ടായ ശക്തിയോടെ നിന്ന് നേരിട്ടു. ഓക്‌സിജൻ ക്ഷാമം പരിഹരിച്ചതോടെ നിരവധി പേരുടെ ജീവനാണ് രക്ഷിക്കാനായത്. കൂടാതെ ഓക്‌സിജൻ എക്‌സ്പ്രസ് ഓടിച്ച് അതത് സ്ഥലങ്ങളിൽ ആവശ്യാനുസരണം എത്തിച്ചവരെ അഭിവാദ്യം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലിക്വിഡ് ഓക്‌സിജന്റെ ഉത്പാദനം വർധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ലക്ഷകണക്കിന് ആളുകളാണ് മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നതെന്നും ലിക്വിഡ് ഓക്‌സിജന്റെ ഉത്പാദനം പത്ത് മടങ്ങ് വർദ്ധിപ്പിച്ചതായും നരേന്ദ്രമോദി പറഞ്ഞു. അത് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നുണ്ടെന്നും പരിശോധനകളുടെ എണ്ണം വർദ്ധിച്ചതായും വ്യക്തമാക്കി.

Share
Leave a Comment